Tuesday, 24 July 2012

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം.....

കവാടത്തില്‍ത്തന്നെ ഒരു പരദേശിയെ പരിചയപ്പെട്ടു വേണം ജന്തുശാസ്ത്ര മ്യൂസിയത്തിന്റെ അകത്തുകടക്കാന്‍. ആഫ്രിക്കന്‍ മുഷുവാണു കക്ഷി. ആളെ ലൈവായിത്തന്നെ കാണാം. നമ്മുടെ നാട്ടിലെ പാവങ്ങളെ പിടിച്ചുതിന്നുന്ന ഈ 'ഭീകരന്‍' പക്ഷെ ഒറ്റയ്ക്കല്ല.  അണ്ടിക്കള്ളിയെന്ന നമ്മുടെ നാടന്‍ ഇനമാണു കൂട്ട്. എല്ലാവരെയും വിഴുങ്ങുന്ന മുഷുവിന് അണ്ടിക്കള്ളിയോടു സ്‌നേഹം. ഉപദ്രവിക്കില്ല. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ പശ്ചിമഘട്ട മേഖലാ റീജ്യനല്‍ സെന്ററിലെ ജന്തുശാസ്ത്ര മ്യൂസിയത്തിലെ ആദ്യ ഇനമാണ് ഈ ആഫ്രിക്കന്‍ മുഷുവും അതിന്റെ അണ്ടിക്കള്ളി സൗഹൃദവും. സുവോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കീഴിലാണു സ്ഥാപനം.
നാടന്‍ മത്സ്യസമ്പത്തു നശിപ്പിച്ചു വിലസുന്ന ആഫ്രിക്കന്‍ മുഷുവിനെ അക്വാറിയത്തില്‍ ഇട്ടശേഷം വ്യത്യസ്ത മത്സ്യങ്ങളെ കൂടെയിട്ടു പരീക്ഷിക്കുകയായിരുന്നു ഇവിടെയുള്ളവര്‍. അണ്ടിക്കള്ളിയൊഴികെ മറ്റെല്ലാത്തിനെയും മുഷു വിഴുങ്ങി. അങ്ങനെ പുതിയൊരു പാഠം അവര്‍ പ്രായോഗികമായി പഠിച്ചു- ആഫ്രിക്കന്‍ മുഷു 'നടക്കും മത്സ്യം'  എന്നറിയപ്പെടുന്ന അണ്ടിക്കള്ളിയെ (അനാബസ്) വിഴുങ്ങില്ല. പഠിച്ച കാര്യം നാട്ടുകാര്‍ക്കായി പറഞ്ഞുകൊടുക്കുന്നു മ്യൂസിയം അധികൃതര്‍. ഒപ്പം ഒരു ലഘുവിവരണവും- അതിവേഗം വളരുന്ന കൂട്ടത്തില്‍ പെട്ടവയാണ് ആഫ്രിക്കന്‍ മുഷുകള്‍. അഞ്ച് സെന്റി മീറ്ററില്‍്യൂിന്ന് ഒരാളോളം വലുപ്പത്തിലേക്കുവരെ വളരും. മാസങ്ങള്‍ക്കു മുന്‍പു ബംഗ്ലാദേശില്‍ ഒരു കുട്ടിയെ ആഫ്രിക്കന്‍ മുഷു ഭക്ഷിച്ചതു വാര്‍ത്തയായിരുന്നു. വെയ്സ്റ്റുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. കൗതുകത്തിനു വേണ്ടിയായിരുന്നു ആഫ്രിക്കയില്‍നിന്ന് ഇവയെ നമ്മുടെ നാട്ടില്‍ കുളങ്ങളില്‍ ഇട്ടു വളര്‍ത്തിയത്. കുളങ്ങളിലെ മറ്റു മീനുകള്‍ക്ക് ഇവയുണ്ടെങ്കില്‍ ജീവിതമില്ല. മഴക്കാലത്തു കുളങ്ങള്‍ നിറഞ്ഞപ്പോള്‍ ഇവ തോടുകളിലേക്കു പരന്നു. പിന്നീടു പുഴകളിലേക്കും. നാടന്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനാല്‍ ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു നമ്മുടെ സര്‍ക്കാര്‍. എങ്കിലും വെയ്സ്റ്റ് തിന്നു തീര്‍ക്കാന്‍വേണ്ടി വളര്‍ത്തുന്നവരുണ്ട്. അക്വേറിയത്തില്‍ കൗതുകത്തിനു വളര്‍ത്തുന്നവരും. തോടുകളിലും കുളങ്ങളിലും ഇവയുടെ സാന്നിധ്യം ഇപ്പോഴും ഭീഷണിയായി തുടരുന്നു.....


ഭൂമിശാസ്ത്രം

ഗുജറാത്തിലെ തപ്തി മുതല്‍ തമിഴ്്യൂാട്ടിലെ കന്യാകുമാരി വരെ 1600 കിലോ മീറ്റര്‍ നീണ്ടുകിടക്കുന്നതാണു പശ്ചിമഘട്ട വനമേഖല. 1,60,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണം. ആറു സംസ്ഥാനങ്ങളില്‍ നീണ്ടുകിടക്കുന്ന ലോകത്തെ അപൂര്‍വ ജൈവസമ്പത്തുകളുടെ കലവറ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരള എന്നിവയാണു പശ്ചിമഘട്ടത്തിന്റെ പരിധിയില്‍. 1600 കിലോ മീറ്റര്‍ നീണ്ട വനമേഖലയ്ക്കു വിടവു വരുന്നതു പാലക്കാട്ട് മാത്രം. 25-40 കിലോ മീറ്ററാണു വിടവ്. പിന്നെ കൊല്ലത്തെ ആര്യങ്കാവിലും ഗോവയിലും ഒരു കിലോ മീറ്റര്‍ ചുവടെവരുന്ന നരിയ വിടവുമുണ്ട്. 1,11,583 തരം ജീവികള്‍ ഇവിടം വസിക്കുന്നുവെന്നാണു കരുതുന്നത്.


മ്യൂസിയത്തിലെ വൈവിധ്യം 

ജീവികളെ സ്റ്റഫ് ചെയ്തതിനൊപ്പം അധ്യാപകനായ സത്യന്‍ മേപ്പയ്യൂര്‍ വരച്ച 72 ജൈവവൈവിധ്യ ചിത്രങ്ങളും അവയുടെ വിശദീകരണങ്ങളും അടങ്ങുന്നതാണു മ്യൂസിയം. തൂക്കണാംകുരുവിയുടെയും തുന്നാരന്റെയും മഞ്ഞത്തേന്‍കുരുവിയുടെയും കൂടുകള്‍ മരത്തില്‍ തൂക്കിയിരിക്കുന്നു. ചാരമണല്‍ കോഴി, കാളിക്കാട തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്.
നക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിക്കുന്ന 2,000 മുതല്‍ 3,000 വരെ വിലമതിക്കുന്ന ഞണ്ടുകള്‍, 2-3 കിലോ തൂക്കംവരുന്ന കിലോയ്ക്ക് 1,000 രൂപ വിലമതിക്കുന്ന പച്ചഞണ്ട് തുടങ്ങിയവയുണ്ട്. വിലയേറിയ ചിറ്റക്കൊഞ്ചന്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. ഒരു ലക്ഷദ്വീപ് സ്വദേശിയില്‍നിന്നു ലഭിച്ചവയാണ് ഇപ്പറഞ്ഞവയൊക്കെ. മലപ്പുറത്തെ കൂട്ടായി കടപ്പുറത്തുനിന്ന് ലഭിച്ച കൊമ്പന്‍ സ്രാവിന്റ  കൊമ്പ് പ്രദര്‍ശനത്തിനുണ്ട്. ഈര്‍ച്ചവാള്‍ പോലത്തെ കൊമ്പിന്റെ ഇരുവശത്തുംകൂടി പല്ലുകള്‍ 32. നീളം ഒരു മീറ്ററില്‍ ഏറെ.


ശലഭവൈവിധ്യം

 പശ്ചിമഘട്ടത്തിലാകെ ഉള്ളത് 332 ഇനം ശലഭങ്ങള്‍. ഇതില്‍ 30 എണ്ണം ഇന്ത്യയില്‍ മാത്രമുള്ളവ. ശലഭ സുന്ദരികളുടെ കൂട്ടത്തില്‍പെട്ടവയാണു ബുദ്ധ പീകോക്. അന്താരാഷ്ട്ര വിപണിയില്‍ വില 60-70 ഡോളര്‍. നിലമ്പൂര്‍ കാടുകളില്‍നിന്നു വിദേശത്തേക്കു കടത്തുന്നതില്‍ ഏറ്റവും കൂടുതല്‍ ഈയിനം ശലഭങ്ങള്‍. രാജ്യത്തെ ഏറ്റവും വലുതാണു ഗരുഡ ശലഭം. ചിറകളവു മാത്രം 19 സെന്റിമീറ്റര്‍. 25 സെന്റിമീറ്റര്‍ ചിറകളവുള്ളവയാണ് ക്വീന്‍ അലക്‌സാന്‍ഡ്രിയ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 200 ഡോളറോളം വില. മലബാറിലെ താരമാണു മലബാര്‍ ട്രീം നിംഫ് അഥവാ വനദേവത. ഇവയെല്ലാറ്റിനെയും സൂചിയില്‍ കുത്തി നാഫ്‌ത്തെലിനും പാരാഡൈക്ലോറോ ബെന്‍സിനും ഒഴിച്ചു നിര്‍ത്തി ചില്ലിട്ടു പൂട്ടിയിരിക്കുന്നു മ്യൂസിയത്തില്‍.
ഓണത്തുമ്പിയും കുഴിയാനത്തുമ്പിയും ഉള്‍പ്പെടെ 200ഓളം തുമ്പികളുണ്ട് പശ്ചിമഘട്ടത്തില്‍. സ്വര്‍ണാഭരണങ്ങള്‍ക്കു മോഡി കൂട്ടാന്‍ ഉപയോഗിക്കുന്ന തിളങ്ങുന്ന വണ്ടുകളുണ്ട്. ജുവല്‍ ബീറ്റ്ല്‍സ് എന്നാണിവ അറിയിപ്പെടുന്നത്. ചിലന്തികള്‍ 150ഓളം. കടുവാചിലന്തിയെ മ്യൂസിയത്തില്‍ എത്തിച്ചത് കല്ലായിയിലെ മരവ്യാപാര മേഖലയില്‍നിന്ന്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്. ചിലര്‍ ഇവയെ വളര്‍ത്തുന്നു. മറ്റു ചിലര്‍ അലങ്കാരത്തിനായി അലമാരയില്‍ ചില്ലിട്ടുവയ്ക്കുന്നു.


ചെങ്കണിയാന്‍ അഥവാ മിസ് കേരള

 മീനുകള്‍ 300ഓളം. ഇവയില്‍ 40 ശതമാനം ഇന്ത്യയുടെ തനത് ഇനങ്ങള്‍. സിങ്കപ്പൂരില്‍ മീന്‍ മേളയില്‍ താരമായിരുന്ന ചെങ്കണിയാന്‍ മ്യൂസിയത്തിലുണ്ട്. സിങ്കപ്പൂര്‍ മേളയ്ക്കു ശേഷം ആള് പേരൊന്നു മാറി. ഇപ്പൊ മിസ് കേരളയാണ്. ജോഡിക്കു 3,000 രൂപയോളം വിലയുണ്ട് ഇവയ്ക്ക്. വില്‍പ്പനക്കാര്‍ ആദിവാസികളോട് അഞ്ചു രൂപയ്ക്കാണ് വാങ്ങുകയെന്നു മാത്രം.
തവളകള്‍ ആകെയുള്ളത് 180 ഇനം. ഭൂമിക്കടിയില്‍ സുഖവാസമാക്കിയ പ്രാകൃത ഇനം പാതാളത്തവളയുടെ ചിത്രമുണ്ട്. മുട്ടയിടാന്‍ മാത്രം പുറത്തെത്തുന്ന ഇവയ്ക്ക് ആമത്തവളയെന്നും പേരുണ്ട്. നിലത്തിട്ടാല്‍ ഉടന്‍ കുഴിച്ചു മണ്ണിനടിയില്‍ പോകുന്നതാണു രീതി.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക പക്ഷികളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതിനു പ്രത്യേക സംവിധാനമുണ്ട്. ഒപ്പം പശ്ചിമഘട്ടത്തിലെ ജീവികളുടെ ഇനം തിരിച്ചുള്ള ഒരു ലഘുവിവരണവും: ഉരഗങ്ങള്‍ ആകെ 70 എണ്ണം. പക്ഷികള്‍ 508. ഇതില്‍ 10 എണ്ണം തനത് ഇനം. പശ്ചിമഘട്ടത്തിലെ ആകെ കക്കകളില്‍ 75 ശതമാനം തനത് ഇനങ്ങള്‍. തവളകളില്‍ 84 ശതമാനവും ഉരഗങ്ങളില്‍ 62ഉം മത്സ്യങ്ങളില്‍ 35ഉം പക്ഷികളില്‍ മൂന്നു ശതമാനവും ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നവ. ഈ ജൈവസമ്പത്തിലേക്കു വെളിച്ചം വീശുന്നതാണു ജൈവശാസ്ത്ര മ്യൂസിയം. സംസ്ഥാനത്തെ ഏക പശ്ചിമഘട്ട മേഖലാകേന്ദ്രം കൂടിയാണു കോഴിക്കോട്ടേത്.

6 comments:

 1. ഗുഡ് എല്ലാവിധ ആശംസകളും നേരുന്നു ...............

  ReplyDelete
 2. ഒരു പാട് പുതിയ അറിവുകള്‍ പകര്‍ന്നു തന്ന നല്ല എഴുത്ത് എല്ലാവിധ ആശംസകളും
  ബ്ലോഗിന്റെ ചട്ടക്കൂട് ഒന്ന് കൂടി നന്നാക്കാനുണ്ട് ശ്രമിക്കുമല്ലോ
  http://bloghelpline.cyberjalakam.com/ ഈ ബ്ലോഗ്‌ സഹായമാകും ....

  ഇനി സകീരിന്റെ സമകാലീന ചിന്തകള്‍ ബ്ലോഗിലും..... നല്ല തീരുമാനം

  ReplyDelete
 3. ബ്ലോഗിലും ശകീര്‍ ടെച്ച്! :)

  ആശംസകള്‍ പ്രിയസുഹൃത്തേ...

  ReplyDelete
 4. ശകീര്‍ ഭായ് നിങ്ങള്‍ പണ്ടേ ഒരു "മുള്ളായിരുന്നു" ഞങ്ങള്‍ക്ക്...
  ഇന്ന് തലതിരിഞ്ഞ വ്യവസ്ഥിതികെതിരെ , ഒരു മുള്ളാണി കണക്കെ നിങ്ങള്‍ നടത്തുന്ന
  പ്രധിഷേധം കാണുമ്പോള്‍ അഭിമാനം (തോന്നുന്നു)ഉണ്ട് . സമൂഹത്തിന്റെ കൊള്ളരുതാഴ്മയുടെ വഴിയിലും
  വരമ്പത്തും മുല്ലാണിയായി നിങ്ങള്‍ ഉണര്‍ന്നും ഉയര്‍ന്നും നില്‍ക്കുക ..ആയിരം ഭാവുകങ്ങള്‍ .
  ..................................മോനെ വെറും ബിലാത്തി ആക്കല്ലേ.....

  ReplyDelete