Wednesday, 12 July 2017

കണ്ണീര്‍ ജീവിതങ്ങള്‍...
മരണത്തിന്റെ കണക്കുകള്‍ മാത്രമായിരിക്കും കണ്ണൂരിലെ കൊലപാതക ചര്‍ച്ചകളില്‍ പലപ്പോഴും കടന്നു വരുക. ചിലപ്പോള്‍ വെട്ടും കുത്തുമേറ്റതിന്റെ സ്‌കോര്‍ബോര്‍ഡുകളും വരും. പുതുതായി രക്തസാക്ഷികളോ ബലിദാനികളോ പിറക്കുന്നതോടെ അവര്‍ നേരത്തെയുള്ള ചര്‍ച്ചാ ഭൂപടത്തില്‍നിന്നു പതുക്കെ മായുന്നു. ചിലപ്പോള്‍ ആണ്ടനുസ്മരണങ്ങള്‍. മറ്റു ചിലപ്പോള്‍ ആവേശ മുദ്രാവാക്യങ്ങള്‍. കാണക്കാണെ അവയും വഴിപാടായി മാറുന്നു.

അത് രക്തസാക്ഷികളുടെ കാര്യം. എന്നാല്‍, ശരീരമാകെ കൊത്തിമുറിക്കപ്പെട്ട് ഒന്നു ചലിക്കാന്‍ പോലും കഴിയാതെ ശയ്യാവലംബികളായി തീരുന്നവരുടെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ..? ആദ്യത്തെ പരിചരണവും പിന്തുണയും പാര്‍ട്ടിവക ആശുപത്രി ചെലവുകളും കഴിഞ്ഞു സുഖപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ അവര്‍ തനിച്ചായി മാറുന്നു. രാപ്പകല്‍ മറന്നു പണിയെടുത്തു കുടുംബം പോറ്റിയവര്‍ നിത്യനരകത്തില്‍ സ്വയംശപിച്ചു തീരുന്നു. ഒന്നനങ്ങാന്‍ പോലും അപരന്റെ സഹായം വേണ്ടിവരുമ്പോള്‍ ജീവിതംതന്നെ ഭാരമായി തള്ളിനീക്കുന്നു. കുട്ടികള്‍ക്ക് നഷ്ടമാകുന്നത് സ്‌നേഹനിധിയായ അഛന്റെ കൈത്താങ്ങെങ്കില്‍ കുടുംബിനികള്‍ക്ക് അവരുടെ ആലംബം എന്നെന്നേക്കുമായി ഇല്ലാതാകുന്നു. കുടുബംനാഥന്റെ റോളിലേയ്ക്ക് അവര്‍ നിര്‍ബന്ധിതരായി പരിവര്‍ത്തനപ്പെടുന്നു.


ശ്രീജന്റെ കഥ..!

തലശേരിയിലെ കതിരൂരില്‍ തലങ്ങും വിലങ്ങും തുരുതുരാ വെട്ടേറ്റു നുറുങ്ങിയ ശരീരവുമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ കഴിയുന്ന കുണ്ടാഞ്ചേരി ശ്രീജന്‍ എന്ന 43കാരന്റെ ദൃശ്യങ്ങള്‍ ഈ ബ്ലോഗില്‍ ഞാന്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മൂന്നാം തീയതി പട്ടാപ്പകല്‍ കതിരൂരിലെ നായനാര്‍ റോഡിലായിരുന്നു സംഭവം. കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ ചെറുമകന്‍ കൂടിയാണ് ശ്രീജന്‍. ഓട്ടോ ഡ്രൈവറായ ശ്രീജന്‍ ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ചു തിരിച്ചു പോകുന്നവഴിക്കായിരുന്നു നടുറോഡില്‍ ആക്രമണം. കത്തിയും കഠാരയും വടിവാളുകളുമൊക്കെയായി എത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടിനുറുക്കുകയായിരുന്നെന്ന് ശ്രീജന്‍ ഓര്‍ക്കുന്നു. കഴുത്തിനെ ലക്ഷ്യം വെച്ചായിരുന്നു വെട്ടുകള്‍ കൂടുതലും. അതെല്ലാം അയാള്‍ കൈകള്‍കൊണ്ടു തടുത്തു. അതിനാല്‍ കൈത്തണ്ട രണ്ടും തറഞ്ഞുപോയി. നെഞ്ചില്‍ കുത്തിയിറക്കിയ കഠാര ശ്വാസകോശത്തില്‍ തട്ടി മുറിവേല്‍പ്പിച്ചു. മറ്റൊന്ന് നെഞ്ചിനു സൈഡിലൂടെ കേറി പിന്നില്‍ തുളച്ചു പുറത്തുവന്നു. തലയോട്ടി ലക്ഷ്യംവെച്ച വെട്ട് നെറ്റിയില്‍ മാരക മുറിവു തീര്‍ത്തു ഭാഗികമായി പിളര്‍ത്തി. നെഞ്ചിലും വയറ്റിലും ചന്തിയിലും വാരിയിലും തുരുതുരാ വെട്ടുകള്‍. അവസാനം മരിച്ചെന്നു കരുതി അക്രമിസംഘം ഇട്ടേച്ചുപോയി. നാട്ടുകാര്‍ ആരൊക്കെയോ വാരിയെടുത്തുകൂട്ടി തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കൂടുതല്‍ ചികിത്സയ്ക്കായി ബേബി മേമ്മോറിയലിലേക്ക്.

സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. അവശേഷിക്കുന്നവര്‍ കണ്ടാല്‍ അറിയുന്നവര്‍. അവര്‍ ഒളിവില്‍.

സംഭവത്തെക്കുറിച്ച് ശ്രീജനും അദ്ദേഹത്തിന്റെ ഭാര്യ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ എ.കെ രമ്യയും പറയുന്നത് ഇങ്ങനെ: കതിരൂര്‍ പ്രദേശത്ത് ഒരു ക്രിമിനല്‍ സംഘമുണ്ട്. ലഹരിയുടെ അടിമകളായി കഴിയുന്നവര്‍. ആര്‍എസ്എസ് ആണ് ഇവരുടെ സംരക്ഷകര്‍. നാട്ടില്‍ ചില്ലറയല്ലാത്ത പ്രശ്‌നങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നു. ഗൃഹനാഥന്‍മാര്‍ ഗള്‍ഫിലുള്ള വീടുകളിലെത്തി രാത്രിയില്‍ വാഹനങ്ങള്‍ ചോദിക്കുന്നു. ചിലര്‍ ഭയപ്പാടുകൊണ്ട് കാറിന്റെ താക്കോലുകള്‍ നല്‍കുന്നു. കിട്ടിയാല്‍ തോന്നുംപോലെ ഉപയോഗിച്ച് അവര്‍ തിരിച്ചു നല്‍കുന്നു. പ്രതിഷേധിച്ചാല്‍ അത്തരം വീടുകള്‍ക്ക് കല്ലെറിയുന്നു. ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നു. വീടുകളിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. ടൗണിലെ കോളെജിലെ കുട്ടികളെ കമന്റടിക്കുന്നു. ഇവര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു. അവരില്‍ സ്വാഭാവികമായും പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മും ഭാഗമാകുന്നു. ഈ വിദ്വേഷമാണ് ഏകപക്ഷീയമായ ആക്രമണത്തില്‍ കലാശിച്ചത് - മരുന്ന് മണക്കുന്ന ആശുപത്രി ബെഡില്‍ അതീവജാഗ്രതയോടെ മാലാഖമാര്‍ പരിചരിക്കുന്ന മുറിയിലിരുന്ന് ഇരുവരും ആശങ്കകളോടെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

കതിരൂരിലെ ശ്രീജന്‍ യഥാര്‍ഥത്തില്‍ ഒരു ഉദാഹരണം മാത്രമാണ്. വെട്ടും കുത്തുമേറ്റു നുറുക്കപ്പെടുന്ന കണ്ണൂരിലെ രാഷ്ട്രീയ ശരീരങ്ങളുടെ നേര്‍ചിത്രം. ശിഷ്ടജീവിതം നരകതുല്യമായി മാറുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ദയനീയ മുഖം. മനുഷ്യനന്‍മയ്ക്കല്ലെങ്കില്‍ എന്താണ് പിന്നെ ഈ രാഷ്ട്രീയത്തിന്റെ അര്‍ഥം..!!