Sunday, 3 February 2013

വേര്‍ ദേര്‍ ഈസ് എ വുമണ്‍...ണ്ട് നായനാര്‍ പറഞ്ഞതു തന്നെയായിരിക്കണം ശരി. പെണ്ണുള്ളേടത്തു പെണ്‍വാണിഭവും കാണും, അല്ലേ..?  ആ സരസനേതാജി അന്നു മറ്റൊരു തമാശകൂടി പറഞ്ഞുവച്ചു. അമേരിക്കയിലൊക്കെ പെണ്‍വാണിഭം ഒരു ചായകുടിക്കുന്ന പോലെയാണത്രെ. (മാധ്യമമൂരാച്ചികള്‍ ഇതും വളച്ചൊടിച്ച് അടിച്ചെടുത്തതാണോ എന്നറിയില്ല. ഭക്ഷണമില്ലെങ്കില്‍ കേരളീയര്‍ ഇറച്ചിയും മീനും തിന്നട്ടെയെന്നു സി. ദിവാകരന്‍ സഖാവിന്റെ തൊള്ളയില്‍ അവസരത്തില്‍നിന്നു മുറിച്ചെടുത്തു കുത്തിയിറക്കിയപോലെ). പെണ്‍വാണിഭങ്ങളെ അത്ര ലളിതമായി കാണുന്നതു ശരിയാണോ എന്ന ചോദ്യമുയരുക സ്വാഭാവികം. ചോദ്യമുയര്‍ന്നാലും ഇല്ലെങ്കിലും നായനാര്‍ പറഞ്ഞതു ശരിതന്നെ. ഒന്നല്ല ഒരു നൂറുവട്ടം. എന്തുമാത്രം പെണ്‍വാണിഭങ്ങളും കോലാഹലങ്ങളുമാണു നാട്ടില്‍. വഴിവാണിഭത്തെക്കാള്‍ പ്രചാരമാണിപ്പോള്‍ പെണ്‍വാണിഭത്തിന്. ഇനി തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതിനു ലൈസന്‍സ് ഏര്‍പ്പെടുത്തി ലേലത്തിനു നല്‍കുന്ന കാലവും വരുമോ, എന്തോ..!

കുടുങ്ങാനും മറ്റുള്ളവരെ കുടുക്കാനും നല്ല ആയുധംതന്നെയാണു പെണ്ണിടപാടുകള്‍. മോണിക്ക ലെവിന്‍സ്‌കിയില്‍ തട്ടി ക്ലിന്റണ്‍ ഭരണകൂടം ആടിയുലഞ്ഞതു പഴയത്. ഇസ്രായേല്‍ അതിക്രമത്തില്‍ അനിഷ്ടം കാട്ടിയതിനു ജൂതര്‍ കൊടുത്ത കലക്കന്‍ പണിയായിരുന്നു ലെവിന്‍സ്‌കി നാടകമെന്നു ശ്രുതിയുണ്ട്. ശരിയായിരിക്കുമോ..? ആവാം. മൊസാദിനെ നന്നായറിയുന്നവര്‍ അതിന്റെ സാധ്യതകള്‍ ഏതായാലും തള്ളിക്കളയില്ല. സഞ്ജയ് ഗാന്ധിയും എന്‍ഡി തിവാരിയും ജോര്‍ജ് ഫെര്‍ണാണ്ടസുമൊക്കെ ഇത്തരം കഥകളിലെ ചെറുതോ വലുതോ ആയ ഇന്ത്യന്‍ നായകര്‍. കേരളത്തില്‍ പെണ്‍വാണിഭമെന്നു പറയുമ്പോള്‍ നമ്മുടെ കുഞ്ഞാക്കയുടെ പേരാണ് ആദ്യം പറഞ്ഞു കേള്‍ക്കുക. ടി.പി ദാസനും രാജഗോപാലും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും കേസില്‍ പ്രതികളായിരുന്നെങ്കിലും കുഞ്ഞാലിക്കയുടെ പര്യായമായി ഐസ്‌ക്രീമിനെ മാറ്റുന്നതില്‍ മുഖ്യഎതിരാളി വി.എസും അദ്ദേഹത്തിനുള്ളിലെ വൈരനിര്യാതനനും വലിയൊരളവോളം വിജയിച്ചിട്ടുണ്ടെന്നതു വാസ്തവം മാത്രം.കേട്ടു മടുത്ത ചരിത്രമാണ് പിടി ചാക്കോ അപവാദം. അതിനിയും മാന്തുന്നതു ശരിയെല്ലന്നതിനാല്‍ വിട്ടേക്കാം. എന്തായാലും ചാക്കോയുടെ ശിഷ്യനും പിഴച്ചില്ല. പിജെ ജോസഫിന്റെ കൈയുടക്കിയതു വിമാനത്തില്‍. പാവത്തിനെ പിന്നെയും കുടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിസി ജോര്‍ജ് ഒന്നു മെനക്കെട്ടിരുന്നു. അതുപക്ഷേ ചീറ്റിപ്പോയി. ഇടതു സര്‍ക്കാരിന്റെ കാലത്തെ പിജെയുടെ പിന്‍ഗാമി മോന്‍സ് ഒന്നു കുടുങ്ങാനിരിക്കുകയായിരുന്നു.  ഭാഗ്യംകൊണ്ടു മാത്രം അതു വഴിമാറിപ്പോയി. നലയിലും വിലയിലും ഉയരത്തിലായാലും ഉന്‍മാദികള്‍ക്കു മുന്നില്‍ രക്ഷയില്ലെന്നു തെളിയിച്ചു നീലന്‍ സംഭവം. പി. ശശിയും ഗോപി കോട്ടമുറിക്കലും സമീപകാലത്തെ ചില പെണ്ണനുഭവങ്ങള്‍ മാത്രം.

ജഗതി ശ്രീകുമാറും ബിനീഷ് കൊടിയേരിയുമൊക്കെ വലിയ കോലാഹലങ്ങളില്‍ പെടാതെ തല്‍ക്കാലത്തേയ്ക്കു തടി കയ്ച്ചിലാക്കിവര്‍. ഇപ്പോഴിതാ ആ വിശാല ശ്രേണിയിലേക്കു വീണ്ടും കാലെടുത്തു കുത്തിയിരിക്കുന്നു ഇന്ദ്രപ്രസ്ഥത്തിലിരുന്നു കേരളത്തിലെ കുഴികളില്‍ സോട്ടിട്ടു കളിക്കുന്ന കോണ്‍ഗ്രസ് ടെലിവിഷന്‍ ജീവി സാക്ഷാല്‍ പിജെ കുര്യന്‍. നാട്ടിലൊരു നല്ല പരിപാടിക്കും ഇങ്ങേരെ ഈയടുത്ത കാലത്തൊന്നും കണ്ടവരില്ല. മദാമ്മയെയും ഉപജാപങ്ങളെയും സുഖിപ്പിച്ച് ഇവിടെത്തന്നെ വിതരണം ചെയ്യാനില്ലാത്ത സീറ്റുകള്‍ തട്ടിപ്പറിക്കലാണു പ്രധാന ഹോബി. ഇതേ പിമ്പിങ് കൗശലത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൂടി തട്ടിയെടുത്തിട്ടുണ്ട് ടിയാന്‍. കേരളത്തിലെ അദ്ദേഹം ആരോപിക്കുന്നപോലുള്ള ഒരു ഗൂഢാലോചനക്കാര്‍ക്കും കുര്യച്ചന്റെ രോമത്തിലെന്നല്ല നടന്ന വഴികളിലെ പുല്ലുപോലും പറിക്കാന്‍ കഴിയില്ലെന്നു ചുരുക്കം.

പ്രതിയാണെങ്കില്‍ കുര്യച്ചാ, അങ്ങ് രക്ഷപ്പെടാന്‍ പാടില്ലെന്നു നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന ഒത്തിരി പേര്‍ക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടിയില്‍ താങ്കളുടെ പിടിയും സ്വാധീനവും നന്നായറിയാവുന്ന പാര്‍ട്ടിക്കാര്‍ക്കു തന്നെയും അങ്ങനെയൊരാഗ്രഹം മനസിലുണ്ട്. അന്വേഷണത്തില്‍ കണ്ടെത്താതെയും വ്യക്തമായ തെളിവുകള്‍ ഇല്ലാതെയും ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും അത് ഏറ്റുപിടിക്കുന്നതും ശരിയല്ലതന്നെ. പക്ഷെ, തെളിവുകള്‍ പൊക്കലും മുക്കലും പ്രതിയെ ഒഴിവാക്കലുമൊക്കെ പതിവായൊരു നാട്ടില്‍ സാഹചര്യത്തെളിവുകള്‍ വലിയൊരു ഘടകം തന്നെയാണ് കേട്ടോ. അത്തരം ഒരുപിടി തെളിവുകള്‍ അങ്ങയ്ക്ക് എതിരായുണ്ടുതാനും. താങ്കള്‍ എങ്ങനെ കേസില്‍നിന്ന് ഊരിയെന്നതിലേക്കുള്ള ചില സൂചനകള്‍ അന്നത്തെ സര്‍ക്കാര്‍ വക്കീല്‍ ആയിരുന്ന ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ബ്ലോഗ് ലിങ്കുകൂടി നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കണ്ടാമൃഗത്തെ വെല്ലുന്ന താങ്കളുടെ തൊലിക്കട്ടിക്കു പ്രണാമം.....
http://calicoindex.blogspot.in/2011/02/blog-post.html