പങ്കാളിത്ത പെന്‍ഷനെതിരായ സമരം ഓഗസ്റ്റ് 21ലെ പണിമുടക്കില്‍ ഒതുങ്ങിയോ...? എന്തോ, അറിയില്ല. ഒന്നും കേള്‍ക്കുന്നില്ല. അങ്ങനെത്തന്നെ ആവാനാണു വഴി. അല്ലെങ്കിലും ആര്‍ക്കുവേണ്ടിയാണീ സമരം. ഇനിയും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ദരിദ്രവാസികള്‍ക്കുവേണ്ടിയോ...? തൊഴില്‍വാര്‍ത്തയും കക്ഷത്തുവച്ച്, ബ്രില്യന്‍സ് ഗൈഡിന്റെ അട്ടിയില്‍ മോഹങ്ങള്‍ ഹോമിക്കുന്ന പിഎസ് സി അപേക്ഷകനുവേണ്ടിയോ..? ഹേയ്, അതിന്റെ ആവശ്യമേ ഇല്ല. തല്‍ക്കാലം കണ്ണില്‍പ്പൊടിയിടാന്‍ ഒരു സമരം വേണം. രണ്ടു നാളെങ്കില്‍ അത്രയും നേരം, വിഷയം വഴിമാറിപ്പോകണം. അതിനൊരു കാരണം കിട്ടി നമ്മുടെ സര്‍വിസ് സംഘടനകള്‍ക്ക്. അതായിരുന്നു, അതുമാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍. അല്ലെന്നുണ്ടോ..?
സമരത്തിലെ ആത്മാര്‍ഥതയെ ചോദ്യം ചെയ്‌തെന്നു കരുതി ഞാനൊരു പങ്കാളിത്തപെന്‍ഷന്‍ വിരുദ്ധവാദിയാണെന്നൊന്നും കരുതരുതേ. അസ്സല്‍ അതിന്റെ അനുകൂലിയാണ് ഞാന്‍. പെന്‍ഷന്‍തുക പകുതിയല്ല, പറ്റുമെങ്കില്‍ മുഴുവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുതന്നെ വാങ്ങണമെന്ന തീവ്രവാദക്കാരന്‍. പുതുതായി വരുന്നവര്‍ക്കു മാത്രമല്ല, ഇപ്പോളുള്ളവര്‍ക്കുകൂടി പങ്കാളിത്തം ബാധകമാക്കണമെന്ന ന്യായക്കാരന്‍. വയസായി വയ്യാതാകുമ്പോഴത്തെ കാര്യങ്ങളല്ലേ. കുറച്ചൊക്കെ സര്‍ക്കാരങ്ങു കൊടുത്തോട്ടെ എന്നൊരു സോഫ്റ്റ് കോര്‍ണറും ഇല്ലാതല്ല. എന്നിരുന്നാലും ഇപ്പോഴത്തെ പെന്‍ഷന്‍ സമ്പ്രദായത്തോട് ഒരുനിലയ്ക്കും യോജിക്കാന്‍ കഴിയില്ല. പൊതുഖജനാവിന്റെ 50 ശതമാനത്തിലേറെയും തുക ജനസംഖ്യയിലെ ആകെ വരുന്ന 1.5 ശതമാനത്തിനു വേണ്ടി ചെലവഴിക്കുകയോ..? ബ്ലഡി നോണ്‍സെന്‍സ്. എന്നോ പിഴുതെറിയേണ്ടിയിരുന്നു ഈ സാമൂഹ്യ അസംബന്ധത്തെ. അതിത്രയുംവച്ചു വൈകിച്ചതു നമ്മുടെ ഭരണകൂടങ്ങള്‍ പൊതുജനങ്ങളോടു കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന മഹാഅപരാധം. കുടത്തിലാവാഹിച്ചു വായമൂടിക്കെട്ടി കടലിലൊഴുക്കണമായിരുന്നു ഈ ദുര്‍ഭൂതത്തെ. അതിത്രനാളും വൈകിച്ചതിനു കൈകള്‍ കുന്നിയില്‍ക്കെട്ടി ഏത്തമിടീക്കുകയും വേണം. ഇനിയുള്ള കാലമെങ്കിലും ബാധമോചിതമായി കഴിയട്ടെ നാടും നാട്ടാരും.
അമ്പരക്കാന്‍ ചില കണക്കുകള്‍
ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംബന്ധിക്കുന്ന ചില കണക്കുകളിലേക്ക്-
- കേരളത്തിന്റെ ആകെ വരുമാനം - 48,120 കോടി
- ജീവനക്കാര്‍ക്കുള്ള ശമ്പളം - 16,765 കോടി
- പെന്‍ഷന്‍ - 8178 കോടി
- ശമ്പളവും പെന്‍ഷനും ചേര്‍ന്ന് - 24,943 കോടി.
അപ്പൊ, അതാണ് കാര്യം. ആകെ വരുമാനമായ 48,000 കോടിയുടെ പകുതിയിലേറെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും തീറ്റിപ്പോറ്റാന്‍ വേണം. റോഡ് വലുതാക്കാന്‍ വീടു വിട്ടുകൊടുക്കുന്നവനെ മാറ്റിപ്പാര്‍പ്പിക്കാനും ഉരുള്‍പൊട്ടിയ മലയോരത്തു കഞ്ഞിവെള്ളമെത്തിക്കാനും എന്‍ഡോസള്‍ഫാന്‍ ബാധിച്ചു വിണ്ടുവീങ്ങിയവര്‍ക്കു മരുന്നു നല്‍കാനുമെന്നുവേണ്ട മറ്റെല്ലാറ്റിനും തുക കണ്ടെത്തേണ്ടത് ബാക്കി കേവലം 50 ശതമാനത്തില്‍ തികയാത്ത തുകയില്‍നിന്ന്..! ആഹാ. അതു കലക്കി. അതെന്തായാലും ഇഛിരി കടന്നകൈയ് തന്നെയാണു കേട്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്‍ന്‍മമമാമാരെ, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ആകെ 5.34 ലക്ഷം വരും. പെന്‍ഷന്‍കാര്‍ 5.50 ലക്ഷം പേര്‍. അതായത് ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍! വാര്‍ഷിക ഇന്‍ക്രിമെന്റിനും സ്ഥാനക്കയറ്റങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന ശമ്പളവര്‍ധനയ്ക്കും പുറമെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോ ശമ്പള പരിഷ്‌കരണം വേറെ. അങ്ങനെ വരുമ്പോള്‍ ഒരു ജീവനക്കാരന്‍ വിരമിച്ചു 10 വര്‍ഷം കഴിയുമ്പോള്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തെക്കാള്‍ ഉയര്‍ന്ന തുക. 55 വയസില്‍ വിരമിച്ചയാള്‍ 75ാം വയസില്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിന്റെ ഇരട്ടിതുക! ഇങ്ങനെ എന്തൊക്കെ അത്ഭുതങ്ങള്‍ കിടക്കുന്നു സര്‍ക്കാര്‍ സര്‍വിസില്‍. സേവനമാണത്രെ, സേവനം. ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നതു സേവനമാകുന്നതങ്ങനെ എന്നുകൂടി വിശദീകരിക്കട്ടെ ഉദ്യോഗസ്ഥപുംഗവര്‍. ചിതലരിച്ച സര്‍ക്കാര്‍ നിഘണ്ടുവില്‍ സര്‍വിസ് എന്നതിനു കൂലിത്തൊഴില്‍ എന്നെഴുതിച്ചേര്‍ക്കട്ടെ ഭാഷാപടുക്കള്‍. ചെയ്യുന്നതു സേവനമാണെന്നു പറഞ്ഞു നാട്ടുകാരുടെ അടുത്തുചെല്ലണ്ട കേട്ടോ. നല്ല സിന്തറ്റിക് ചപ്പലിന്റെ ഗ്രിപ്പടയാളം മൊച്ചിയില്‍ വിരിയും, ഒന്നാന്തരം ഓണപ്പൂക്കളം തീര്‍ത്തമാതിരി.
സംഘടിതരാണ് ഉദ്യോഗസ്ഥര്‍. മഹാസംഘടിതര്‍. സര്‍ക്കാര്‍ ഇന്നോ നാളെയോ മാറും. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാറുന്നില്ല. അതിനാല്‍, സര്‍ക്കാരിനെക്കാള്‍ ശക്തരാണവര്‍. ഒരാനുകൂല്യത്തിന്‍മേലും തൊടാന്‍ വിടില്ല ഈ അഭിനവതമ്പുരാക്കന്‍മാര്‍. അതിനുള്ള ശക്തിയും കരുത്തും നേരത്തെ ആര്‍ജിച്ചുവച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ആയിക്കോളൂ, നാടിന്റെ സ്ഥിതി മൊത്തത്തില്‍ മെച്ചമെങ്കില്‍. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. പാവപ്പെട്ടവന്‍ ഒരു കിലോ ഉപ്പു വാങ്ങുമ്പോഴത്തെ നികുതിപ്പണംകൂടി ചേര്‍ന്നുള്ള പൊതുഖജനാവില്‍നിന്നുള്ള പണമാണു വാരിക്കോരി ഒരുകൂട്ടര്‍ക്കിവിടെ മുട്ടിക്കൊടുക്കുന്നത്. ദൈവം പൊറുക്കില്ല, പൊതുജനവും. അതുകൊണ്ടു നിങ്ങളുടെ സമരം ആത്മാര്‍ഥമായാലും ഇല്ലെങ്കിലും സാധാരണക്കാരുടെ പിന്തുണ ഉണ്ടെന്നു കരുതേണ്ട. അവര്‍ എന്നോ നിങ്ങളെ ഒഴിവാക്കിക്കഴിഞ്ഞു. ഗതികേടുകൊണ്ട് ചുമക്കുകയാണ്. ഒരവസരം കിട്ടിയാല്‍ കുടഞ്ഞിട്ടു നല്ല തൊഴിതരും. അതിന് അവസരങ്ങള്‍ കുറവാണെന്നതാണ് അവരുടെ ദുര്യോഗം. രാഷ്ട്രീയക്കാരന്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനത്തെ അഭിമുഖീകരിക്കണം. മരിക്കുംവരെ അതുവേണ്ടതില്ല എന്നതു നിങ്ങളുടെ സൗകര്യം. ആ സൗകര്യത്തിലാണു നിങ്ങളുടെ വിളയാട്ടം. അതിനും ആയുസു കുറഞ്ഞുകൂടെന്നില്ല കേട്ടോ കാര്യങ്ങള്‍ ഇക്കോലത്തില്‍ പോയാല്‍. അത്ര നല്ലതാണല്ലോ നിങ്ങളുടെ കൈയിലിരിപ്പ്.
കിട്ടുംവരെ നിരന്തരപരിശ്രം, കിട്ടിക്കഴിഞ്ഞാല്‍ പരിപൂര്‍ണ വിശ്രമം- അതാണു സര്‍ക്കാര്‍ ജോലിയെന്നു പൊതുവെ നാട്ടിലൊരു ചൊല്ലുണ്ട്. അതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല. തെറ്റാണെന്നു നിങ്ങളെല്ലാവരും ചേര്‍ന്നു തെളിയിച്ചതായും കേട്ടിട്ടില്ല. തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം അതൊരു ശരിതന്നെയാണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെടുന്ന ആര്‍ക്കും അറിയാവുന്ന പരമമായ സത്യം. വിവരാവകാശപ്രകാരം എഴുതിച്ചോദിക്കേണ്ടതില്ലാത്ത സുതാര്യമായ കാര്യം. തിരുത്താന്‍ തയ്യാറുണ്ടോ എന്നതാണു ചോദ്യം. എങ്കില്‍ പൊതുജനപിന്തുണയുമുണ്ടാവും. ആവശ്യങ്ങള്‍ ന്യായമല്ലെങ്കില്‍പോലും നേരിയൊരു സോഫ്റ്റ്‌കോര്‍ണര്‍ ഉണര്‍ന്നുവരും. അതൊന്നും ഇല്ലാത്തിടത്തോളം ആരു മൈന്‍ഡു ചെയ്യാന്‍ നിങ്ങളുടെ സമരാഭാസങ്ങള്‍...?
രൂക്ഷ വിമര്‍ശനം.. പറഞ്ഞതില്‍ മിക്കതും സത്യങ്ങള്‍ .. സര്‍ക്കാര്‍ ജോലിയുടെ എന്നത്തേയും ആകര്‍ഷണം പെന്‍ഷന്‍ തന്നെയാണ്. പങ്കാളിത്ത പെന്‍ഷന്‍ ഒരു ആവശ്യമാണ്. കാലത്തിന്റെ ആവശ്യം
ReplyDeletethanx
DeleteIndian government employs are the no1 criminals in the world. But keralate very educated people no?!!!!!!!!!!!!!!?????????? They are the most waste in the universe;
ReplyDeleteishtaayi ..........thottu mukalilulla commentum
ReplyDeletethanx aniya
Deleteസര്‍ക്കാര്‍ ഓഫീസില്‍ ഒരു തവണയെങ്കിലും പോയിട്ടുള്ള ആരും ഈ ലേഖനത്തെ അനുകൂലിക്കും. കേരളത്തിലും ബംഗാളിലും മാത്രമാണ് ഈ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സ്കീമുള്ളത്. പൊതുജനസേവനത്തിന്റെ നിലവാരം ഈ രണ്ടു സംസ്ഥാനങ്ങളിലും പടവലങ്ങപോലെ കീഴോട്ടു വളരുകയാണല്ലോ. അതുകൊണ്ടാണല്ലോ സേവന അവകാശ നിയമം വേണ്ടിവന്നത്......
ReplyDeleteഞാൻ പങ്കാളിത്ത പെൻഷൻ എന്താ സത്യത്തിൽ എന്നൊന്ന് പഠിച്ച് അഭിപ്രായം പറയാം. ആശംസകൾ.
ReplyDeleteഇതിനെ പഠിച്ചു. നമ്മൾ പ്രതികരിക്കുന്നതനുസരിച്ച് ഗവണ്മെന്റ് കാര്യങ്ങൾ മാറ്റുവാണെങ്കിൽ നല്ല രീതിയിലാകുമായിരുന്നു ഭരണം.! അവർ ഒന്നിനീം സമരക്കാരുടെ രീതിക്കനുസരിച്ച് മാറ്റില്ലല്ലോ ? അവരെന്തൊക്ക്യോ കാട്ടിക്കൂട്ടുന്നു നമ്മൾ അനുഭവിക്കുന്നു. പങ്കാളിത്ത പെൻഷൻ വരട്ടെ... മാറ്റം നല്ലതിനല്ലേ ? ആശംസകൾ.
ReplyDeletethanx
Deleteഡായി മുള്ളാണി കളിച്ചു കളിച്ചു സര്‍ക്കാര്‍ ജീവനക്കാരോട് ആയോ തന്‍റെ ചൊറിച്ചില്‍ ? മാനം മര്യാദക്ക് പണി എടുക്കാതെ കൈകൂലി വാങ്ങി സമ്പാദിക്കുന്ന ആപ്പ ഊപ്പ ഏമാന്‍ മാര്‍ മാത്രമല്ല അന്തസായി ജീവിക്കുന്ന മാന്യന്മാരും ഉണ്ട് സര്‍വീസില്‍ . പത്തു അറുപതു വയസു വരെ സര്‍വീസില്‍ കിളച്ചു പിന്നെ പറമ്പ് കിളക്കാന്‍ പോകണം എന്നാണോ അവിടുത്തെ കല്പന .....? ചെയ്യുന്ന കച്ചവടത്തിന്‍റെ പത്തു ശതമാനം പോലും നികുതി കൊടുക്കാത്ത കച്ചവടകാരോടും അഞ്ചു കൊല്ലം കൊണ്ട് അഞ്ചു തലമുറക് ജീവിക്കാന്‍ സംബാതികുന്ന
ReplyDeleteരാഷ്ട്രീയകാരനോടും ഇല്ലാത്ത കലിപ് എന്തിനു പാവം ജീവനക്കാരോട് ......? ഇനി വെറുതെ കിടന്നു ചൊറിയുന്നു എങ്കില്‍ മുള്ളാണി എടുത്തു അണ്ണാകില്‍ ചൊറിഞ്ഞോ തന്‍റെ ചൊറിച്ചില്‍ മാറികിട്ടും
hihi
Deleteസര്‍കാര്‍ ജോലി കിട്ടാത്തതിന്റെ ഒരു ചൊരുക്ക് ഫീല്‍ ചെയ്യുന്നലോ മോനെ. മിക്കവാറും എല്ലാ സര്‍കാര്‍ ജീവനക്കാരില്‍ നിനും ടാക്സ് എന്ന് പറഞ്ഞു കുറച്ചു പണം ഈടാക്കുന്നുണ്ട്. അപ്പോം ചോദിക്കും പ്രൈവറ്റ്കാരന്‍ കൊടുക്കുനില്ലേ എന്ന്. ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പങ്കാളിത പെന്‍ഷന്‍ ഉണ്ടാകുമെങ്കില്‍ അത് നല്ലതാണു. പാവപ്പെട്ട സര്‍ക്കാര്‍ ജീവനകാരന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരുന്ന രീതില്‍ ആവരുത് പങ്കാളിത്ത പെന്‍ഷന്‍. എടുത്തു ചാടി ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ് എത്രത്തോളം പാവപെട്ട താഴെകിടയില്‍ ഉള്ള സര്‍കാര്‍ ജീവനകാരന് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കണ്ടെത്തി അത് ഒഴിവാക്കികൊണ്ടുള്ള ഒരു തീരുമാനം ആവില്ലേ നല്ലത്.
ReplyDeletemost welcome to criticisms...
Delete