-- പട്ടാളം ഭരിക്കട്ടെ സര്‍വകലാശാലകള്‍ --
തമിഴ്‌നാട്ടിലെ ചില സര്‍വകലാശാലകളിലെ പേപ്പര്‍ വാല്വേഷനെപ്പറ്റി ചുമ്മാ പറയുന്നൊരു കഥയുണ്ട്. വാല്വേഷന്‍ നടത്തേണ്ട ഉദ്യോഗസ്ഥന്‍ പേപ്പറുകളെല്ലാം ഒന്നിച്ചെടുത്ത് ഓടിട്ട മേല്‍ക്കൂരയിലേക്ക് വലിച്ചെറിയും. ആദ്യം നിലത്തുവീണ പേപ്പറിന് ഒന്നാം റാങ്ക്. രണ്ടാം റാങ്കും മൂന്നാം റാങ്കും പിന്നാലെ. ഫസ്റ്റ് ക്ലാസും സെക്കന്‍ഡ് ക്ലാസും തീരുമാനിക്കുന്നത് ഇങ്ങനെത്തന്നെ. പേപ്പര്‍ ഓടില്‍ത്തന്നെ കുടുങ്ങിയവര്‍ തോറ്റു. അവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും പരീക്ഷയെഴുതാം...!. ഇതാണു തമാശയുടെ മേമ്പൊടി ചേര്‍ത്തു പറയുന്ന കഥ. ഇത്രത്തോളമില്ലെങ്കിലും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെയക്കെവരും പുറത്തുള്ള പല സര്‍വകലാശാലയുടെയും സ്ഥിതി.
ഒരനുഭവം പറയാം: മധുരൈ കാമരാജ് സര്‍വകലാശാലയില്‍ ഒരു പിജി കോഴ്‌സ് ചെയ്തു. കാമരാജും അണ്ണാമലയും മഡ്രാസ് യൂനിവേഴ്‌സിറ്റിയുമൊക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കും മലയാളികള്‍ക്കും പുഛമായിരിക്കാം. എന്നാല്‍, എല്ലാം നല്ല സ്റ്റാന്‍ഡേര്‍ഡ് യൂനിവേഴ്‌സിറ്റികളാണ് അവിടത്തുകാരുടെയും സര്‍ക്കാരിന്റെയും കണക്കില്‍. മാര്‍ക്കു നല്‍കാതെയും അനാവശ്യ വ്യവസ്ഥകള്‍വച്ചും കഷ്ടപ്പെടുത്തുന്നതിനാല്‍ ഒട്ടനവധി മലയാളികളുടെ ആശാകേന്ദ്രവുമാണ് ഇത്തരം സര്‍വകലാശാലകള്‍. എല്ലാം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികള്‍ ഉള്ളവ. നാക് അംഗീകാരവും യുജിസിയുടെ കോടികളുടെ ഫണ്ടിന്റെ ആനുകൂല്യങ്ങളും യഥേഷ്ടം.
അത്തരത്തിലൊന്നില്‍ ഒരു പിജി കോഴ്‌സ് ചെയ്ത് പ്രാക്റ്റിക്കലും കഴിഞ്ഞ് കോഴ്‌സ് കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റും വാങ്ങി പരീക്ഷയെഴുതി ഒരു വര്‍ഷമായിട്ടും റിസല്‍ട്ടോ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ആഴ്ചയില്‍ അഞ്ചോ പത്തോ തവണ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതു മാത്രം മിച്ചം. കൂടെ പരീക്ഷയെഴുതിയ പലരുടെയും ഫലം മൂന്നു മാസംകൊണ്ടു വന്നിരുന്നു. ചിലരുടെ ചില പേപ്പര്‍ മാത്രം ഫലം വരാതായി. അത്തരക്കാര്‍ വിളിക്കുമ്പോഴൊക്കെ സര്‍വകലാശാല ഡിഡി അയച്ചുകൊണ്ടിരിക്കാന്‍ പറഞ്ഞു. അങ്ങനെ കുറെ ഡിഡി കുറെപ്പേര്‍ക്കു പോയിക്കിട്ടി. സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.
ഞാന്‍ നേരിട്ട് കോഴിക്കോട്ടെ സ്റ്റഡി സെന്ററില്‍ചെന്ന് മുന്‍പടച്ച ഡിഡിയുടെ ഡീറ്റെയ്ല്‍സ് വാങ്ങി. ഹാള്‍ടിക്കറ്റും കോഴ്‌സ് കംപ്ലീഷനും മറ്റുമായി നേരിട്ടു മധുരയ്ക്കു വച്ചുപിടിച്ചു. തിരിഞ്ഞു മറിഞ്ഞ് ചുറ്റിത്തിരിഞ്ഞ് പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും മുട്ടി. ഫീസ് അടച്ചില്ലെന്ന സ്ഥിരം നമ്പര്‍ ചില സെക്ഷന്‍കാര്‍ പയറ്റിനോക്കിയെങ്കിലും കൈയിലെ ഡിഡി ഡീറ്റെയ്ല്‍സും ഹാള്‍ടിക്കറ്റും കാണിച്ച് അവരെ നിശബ്ദരാക്കി. ഒടുവില്‍ പരീക്ഷാ ഫലം നല്‍കുന്ന ഭാഗത്തെത്തി. രജിസ്റ്റര്‍ മറിച്ചുനോക്കിയപ്പോള്‍ ശരിയാണ്, എന്റെ മാത്രം മാര്‍ക്കില്ല. ഒടുവില്‍ എന്നോടയാള്‍ അല്‍പ്പനേരം പുറത്തിരിക്കാന്‍ പറഞ്ഞു. പുറത്തുനിന്ന ഞാന്‍ കൗതുകം കാരണം അകത്തേക്കൊന്ന് എത്തിനോക്കി. ക്ലര്‍ക്ക് നേരെ പോയതു മറ്റൊരു ക്ലര്‍ക്കിന്റെ അടുത്തേയ്ക്ക്. ഒരു ലഘുസംഭാഷണം നടത്തി ആള് ഞൊടിയിടകൊണ്ടു തിരിച്ചെത്തി. അയാളെത്തന്നെ നോക്കിയിരുന്ന എന്നെ വേഗം അടുത്തേക്കു വിളിച്ചു. എന്നിട്ടു റിസല്‍ട്ട് പ്രഖ്യാപിച്ചു, ഫലം വരാത്ത നാലു പേപ്പറിലും എനിക്ക് 50 മാര്‍ക്ക് വീതം.
ഞാന്‍ തര്‍ക്കിച്ചു, ഈ മാര്‍ക്ക് പോരെന്നു പറഞ്ഞു. ഞാന്‍ അത്രയൊക്കെയേ എഴുതിയുള്ളൂവെന്നായി ക്ലര്‍ക്ക്. അതു നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നു ഞാന്‍. അതുകൊണ്ടാണ് റിസല്‍ട്ട് ഇങ്ങനെയെന്ന് ക്ലര്‍ക്ക്. റിസല്‍ട്ട് നിങ്ങള്‍ ഇപ്പോള്‍ മറ്റേയാളോട് ആലോചിച്ച് എഴുതിച്ചേര്‍ത്തത് കണ്ടെന്നു ഞാന്‍. ഇതു മൂന്നു ഘട്ടത്തിലുള്ള വാല്വേഷനു ശേഷം വന്ന റിസല്‍ട്ടാണെന്നു ക്ലര്‍ക്ക്. അമ്മാതിരി വേലയൊന്നും എന്റടുത്ത് ഇറക്കണ്ട, എല്ലാം നേരില്‍ക്കണ്ടുവെന്നു ഞാന്‍. അങ്ങനെയൊന്നും ഇവിടെ പതിവില്ല, താന്‍ നിസഹായനെന്നു ക്ലര്‍ക്ക്. തര്‍ക്കിച്ചും താണും കേണും വണങ്ങിയും പത്തിരുപതു മിനിറ്റു പോയതല്ലാതെ മാര്‍ക്ക് കൂട്ടിക്കിട്ടിയില്ല. ഒടുവില്‍ ഞാന്‍ പിന്‍വാങ്ങി. പിന്നീടാണറിഞ്ഞത്, ഇവിടത്തെ സ്ഥിരമായ പണമിടപാടും ക്രമക്കേടും കാരണം മുകളില്‍ ക്യാമറ വച്ചിട്ടുണ്ട്. അതാണ് ആള്‍ക്കിത്ര മര്യാദ..! ഇല്ലെങ്കില്‍ പണ്ടെപ്പഴേ പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കിന് കോംപ്രമൈസ് ആക്കിയേനേ...!! ഏതായാലും പാസ് മാര്‍ക്ക് 50 ആണല്ലോ. പേപ്പര്‍ മിസായതിന് അവര്‍ അങ്ങനെ എന്നെ പാസാക്കിവിട്ട് കോംപന്‍സേറ്റ് ചെയ്തു. അവരും ഹാപ്പി, ഞാനും ഹാപ്പി.
ഇതു പുറത്തെ സര്‍വകലാശാലയുടെ സ്ഥിതിയെങ്കില്‍ കേരളത്തിലേ കേളീകേട്ട സര്‍വകലാവല്ലഭരുടെ സ്ഥിതിയെന്ത്..? ഞങ്ങള്‍ മാത്രം ഓകെ, മറ്റെല്ലാം മോശമെന്നു ധരിച്ചുവശായ അക്കാദമിക ബുജികളെ തീറ്റിപ്പോറ്റുന്ന മലയാളത്തിലെ സ്വന്തം സര്‍വകലാശാലകളുടെ കാര്യങ്ങള്‍ പരമദയനീയം. പുറമെ, മേല്‍ക്കൂരയില്‍ പേപ്പറിടുന്നതു തമാശക്കഥയെങ്കില്‍ ഇവിടെ ചപ്പുചവറുകള്‍ക്കിടയില്‍ ഉത്തരപ്പേപ്പറുകള്‍ പശു തിന്നുന്നത് യാഥാര്‍ഥ്യം മാത്രം. അവിടെ കണ്ണുംപൂട്ടി എഴുതിയാല്‍ പരീക്ഷ പാസാവുമെന്നതു പരിഹാസമെങ്കില്‍ ഇവിടെ മെനക്കെട്ടിരുന്നു പഠിച്ചെഴുതി ഫലം കാത്തിരുന്നാലും ഒരു കൂഞ്ഞുംകാണില്ല. സമയത്തു ഫലമോ ഇല്ല, ഗുണമോ ശൂന്യം. എല്ലാം ഉദ്യോഗസ്ഥ ദൈവങ്ങള്‍ കനിഞ്ഞെങ്കില്‍ മാത്രം.
ഷെയിം ഓണ്‍ യൂ..... 'കാലി'ക്കറ്റ് സ്റ്റുഡന്റ്‌സ്
മാര്‍ക്ക് ലിസ്റ്റും ഗ്രേഡ് കാര്‍ഡും സമയത്തിനു കിട്ടാതെ, കിട്ടിയതില്‍ത്തന്നെ അബദ്ധങ്ങള്‍ കുത്തിനിറച്ചതു കാരണം അഡ്മിഷന്‍ കേന്ദ്രത്തില്‍വച്ചു ചമ്മിച്ചൂളി ഇറങ്ങിപ്പോന്ന കുറെ കുട്ടികളുടെ കഥയാണ് കാലിക്കറ്റിന്റെ ഒടുവിലത്തെ ലീലാവിലാസങ്ങളില്‍ ഒന്ന്. കുട്ടികളെല്ലാം മിടുക്കര്‍തന്നെ. അഖിലേന്ത്യാ തലത്തില്‍ കേന്ദ്രീയ സര്‍വകലാശാലകളിലേക്കു നടന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത് റാങ്ക് പട്ടികയില്‍ ഇടംനേടിയവര്‍. പാവം, ഇന്റര്‍വ്യൂ കാര്‍ഡ് കൈപ്പറ്റിയപ്പോഴും പക്ഷെ കുഞ്ഞുങ്ങളുടെ റിസല്‍ട്ടു വന്നിരുന്നില്ല. എങ്കില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ഗ്രെയ്ഡ് കാര്‍ഡ് വാങ്ങിവരൂ എന്നായി യൂനിവേഴ്‌സിറ്റികള്‍. അതു നല്‍കാന്‍ നിയമമില്ലെന്നു കാലിക്കറ്റ്. ഒടുവില്‍ ബഹളംവച്ചപ്പോള്‍ ചിലര്‍ക്കു നല്‍കി. നല്‍കിയ കാര്‍ഡുകളിലെ ഗ്രെയ്ഡുകള്‍ ബഹുരസം. 'എ' ഗ്രെയ്ഡും 'ബി' ഗ്രെയ്ഡും നല്ല ചൊങ്കന്‍ അക്ഷരത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പക്ഷെ, ഗ്രെയ്ഡിന് മാര്‍ക്കെത്ര കൂട്ടണമെന്ന് എവിടെയുമില്ല. ശതമാനം കാണാന്‍ ഒരു വകുപ്പുമില്ല. അല്‍പ്പദിവസത്തിനകം കുഞ്ഞുങ്ങളുടെ റിസല്‍ട്ട് പുറത്തുവിട്ട് കാലിക്കറ്റ് മഹാസംഭവം സൃഷ്ടിച്ചു. ഒറിജിനല്‍ ഗ്രേഡ് കാര്‍ഡും കൊടുത്തു. പുതിയ കാര്‍ഡാവട്ടെ അബദ്ധങ്ങളുടെ നവഘോഷയാത്ര. പഴയതിലും പുതിയതിലും മാര്‍ക്കുകള്‍ വ്യത്യസ്തം. ഗ്രെയ്ഡിന്റെ മാര്‍ക്കറിയാന്‍ വകുപ്പില്ല.
എല്ലാം കണ്ടുനില്‍ക്കുന്ന പൊതുജനം ചോദിക്കുന്നു- കോടികള്‍ പൊട്ടിച്ച് കുറെയെണ്ണത്തിനെ നമ്മുടെ ചെലവില്‍ തീറ്റിപ്പോറ്റേണ്ടതിന്റെ കാര്യമെന്ത്...? ശമ്പളം വാങ്ങാനും സംഘടന വളര്‍ത്താനും ആനുകൂല്യങ്ങള്‍ ചോദിക്കാനും മാത്രമൊരു കൂട്ടര്‍ നാട്ടില്‍ ആവശ്യമുണ്ടോ..? സകലത്തിനെയും തൂത്തെറിഞ്ഞ് നിലംകഴുകി വൃത്തിയാക്കി മറ്റാര്‍ക്കെങ്കിലുമായി ഒരു പാല്‍കാച്ചല്‍ ചടങ്ങുനടത്തിയാലെന്താ...? പറ്റുമെങ്കില്‍ പട്ടാളംതന്നെ ഭരിക്കട്ടെ സര്‍വകലാശാലകള്‍. ഒരുത്തന്റെയും ഒരടവും വേവരുത്. എല്ലാം നേരാംവണ്ണമൊന്നു ചലിക്കട്ടെ. എന്നിട്ടു വേണമെങ്കില്‍ കുടിയിരുത്താം വീണ്ടുമീ പരാദങ്ങളെ. എന്താ, ഒന്നു പരീക്ഷിക്കുന്നോ മിസ്റ്റര്‍ അബ്ദുറബ്ബ്.
No comments:
Post a Comment