പത്രമോഫിസിലെ തിരക്കേറിയ ഒരു പതിവു സായാഹ്നം. പേരാമ്പ്രയിലും കുന്ദമംഗലത്തും അടിപിടിയെ തുടര്‍ന്നുള്ള ഹര്‍ത്താലിന്റെ വാര്‍ത്തകള്‍ എത്തിയിട്ടില്ല. മുഖ്യന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരത്തു നല്ല കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ഒഡിഷനും പെര്‍ഫോമന്‍സുമൊക്കെ എന്നത്തെയും പോലെ അന്നുമുണ്ട് കോഴിക്കോട്ട്. കരിയര്‍ പേജിലേക്ക് എന്തെങ്കിലുമൊക്കെ കൊടുക്കണമൊവശ്യപ്പെട്ട് ഡസ്‌കിലെ പേജു ചെയ്യുന്ന പുള്ളിക്കാരന്‍ വിളിച്ചിട്ടുണ്ട്. ടി.പി കേസ് വിചാരണ വാര്‍ത്ത ഇനിയും കൊടുത്തിട്ടില്ല. കോടതിയും പൊലീസ് സ്റ്റേഷനും പണ്ടാരങ്ങളുമൊക്കെയായി എടുക്കാന്‍ വാര്‍ത്തകള്‍ ഇനിയുമുണ്ടേറെ. ഇതിനിടയില്‍ കാക്കത്തൊള്ളായിരം ഫോണ്‍ കോളുകളും.
ഈ കോലാഹലങ്ങള്‍ക്കൊക്കെ ഇടയിലാണ് മാസപ്പിറവി അറിയിപ്പിനായുള്ള കാത്തിരിപ്പ്. അതും കോഴിക്കോട്ടുനിന്നുതന്നെ കൊടുക്കണമല്ലോ. എന്നാല്‍, കോഴിക്കോട് പേജിലേക്ക് മാത്രം മതിയാവുകയുമില്ല. കേരളം മുഴുവന്‍ പോകേണ്ട വാര്‍ത്തയാണ്. അവിടെയും തീരുന്നില്ല പ്രശ്‌നങ്ങള്‍. റമദാന്‍ ഒന്നിനു പ്രസിദ്ധീകരിക്കേണ്ട പരസ്യം പത്രത്തിന്റെ ഒന്നാം പേജിലെ രണ്ടാം ഹാഫില്‍ നിറഞ്ഞു നില്‍ക്കുന്നു. അഥവാ മാസപ്പിറവി കണ്ടില്ലെങ്കില്‍ ഈ പരസ്യം എടുത്തു മാറ്റണം. അവിടത്തേയ്ക്കു വാര്‍ത്ത കണ്ടെത്താന്‍ സെന്‍ട്രല്‍ ഡെസ്‌കിലുളളവര്‍ മെയ്യഭ്യാസം തുടങ്ങണം. മറ്റു പേജിലുള്ള പ്രധാന വാര്‍ത്തകള്‍ ഒന്നാം പേജിലേക്കു വിട്ട്് പേജ് മാറ്റി സെറ്റ് ചെയ്യണം. മറ്റു പേജുകള്‍ പൊളിച്ചതിന്റെ മെനക്കെടുകള്‍ വേറെ. എഡിറ്റ് പേജിന്റെ സിംഹഭാഗം നിറഞ്ഞുനില്‍ക്കുന്ന റമദാന്‍ ലേഖനം എടുത്തു മാറ്റി പുതിയതു വെക്കല്‍ ഡെസ്‌കിലെ കാരണവരുടെ മറ്റൊരു തലവേദന. അതൊരുവശത്തിരിക്കട്ടെ.
മാസപ്പിറവി തിങ്കളാഴ്ച കണ്ടാലും ഇല്ലെങ്കിലും മുജാഹിദ് നേതൃത്വത്തിനു കീഴിലെ ഹിലാല്‍ കമ്മിറ്റിക്ക് ബുധനാഴ്ച റമദാന്‍ ഒന്നാണ്. കാരണം അവര്‍ക്ക് ചൊവ്വാഴ്ച ശഅബാന്‍ മാസം 30 ആയിരുന്നു. എന്നാല്‍, സുന്നി സംഘടനകള്‍ക്ക് അങ്ങനെയല്ല. അവര്‍ക്കു ചൊവ്വാഴ്ച ശഅബാന്‍ 29 ആയിട്ടുള്ളൂ. വേണമെങ്കില്‍ ഒരു ദിവസം കൂടി നീട്ടാം. റമദാന്‍ ആരംഭം രണ്ടു കൂട്ടര്‍ക്ക് രണ്ടു ദിവസമായാല്‍ മാധ്യമസ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ എന്തു ചെയ്യും..? പരസ്യം വെക്കണോ, വെക്കണ്ടേ..? റമദാന്‍ വാര്‍ത്ത എങ്ങനെ എഴുതണം..? ഇതിനിടയിലാണ് മാസമുറപ്പിച്ചോ എന്ന സ്‌നേഹാന്വേഷണങ്ങളുമായി നാട്ടുകാരുടെ കൊലവിളികള്‍. ഖാസിമാരെ വിളിച്ചു നോക്കാമെന്നു വച്ചാല്‍, മാസപ്പിറവി സംബന്ധിച്ച് ഒരുറപ്പും അവര്‍ പറയുന്നില്ല. എവിടുന്നെങ്കിലും അറിയിപ്പു വന്നിട്ടു വേണമല്ലോ പറയാന്‍!
മുസ്ലിം ആഘോഷങ്ങളും ആചാരങ്ങളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ചന്ദ്രമാസപ്പിറവിയുടെ തലേന്നാള്‍ ഒരു പത്രമോഫിസില്‍ സംഭവിക്കുന്ന പതിവ് ആശയക്കുഴപ്പത്തിന്റെ ലഘുചിത്രം മാത്രമാണിത്. ഇത് മാധ്യമസ്ഥാപനങ്ങളിലെ മാത്രം സ്ഥിതി. ഇതുപോലെ ഒട്ടനേകം ഓഫിസുകളിലും സ്ഥാപനങ്ങളിലുമായി ആശയക്കുഴപ്പങ്ങള്‍ പരശതം ഈ വിശേഷ ദിവസങ്ങളെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും നില്‍ക്കുന്നു. പതുക്കെയാണെങ്കിലും എല്ലാ നാടുകളിലും വ്യാഴാഴ്ചയോടെ ഇത്തവണത്തെ റമദാന്‍ ട്രാക്കില്‍ കയറിയിട്ടുണ്ട്. ബോസ്‌നിയ, ചൈന, കൊസോവൊ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു റമദാന്‍ ഒന്ന്. യുഎഇ, സൗദി, കുവൈത്ത്, ഒമാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, നൈജീരിയ, മൊറോക്കോ, കേരളം തുടങ്ങി ഒട്ടനവധി ദേശങ്ങളില്‍ ബുധനാഴ്ച. ഇന്ത്യയിലെ പല നഗരങ്ങളിലും പാക്കിസ്ഥാനിലും മറ്റു പലയിടങ്ങളിലും റമദാന്‍ ഒന്നാവട്ടെ വ്യാഴാഴ്ചയും.
ഇതെഴുതുന്ന ദിവസം സൂര്യവര്‍ഷം ജൂലൈ 12 വ്യാഴാഴ്ചയാണ്. ലോകത്തെവിടെയും ഇത് അങ്ങനെത്തന്നെയാണ്. ജൂലൈ പത്തോ പതിനൊന്നോ പതിമൂന്നോ ആയി ഈ വെള്ളിയാഴ്ച ദിവസം വ്യത്യാസപ്പെടുന്നില്ല. എന്നാല്‍, സമാനമായ, സൂര്യവര്‍ഷത്തെക്കാള്‍ കുറച്ചുകൂടി കണിശതയുള്ള ചന്ദ്രവര്‍ഷത്തിന്റെ കാര്യം ഇപ്പോള്‍ പരമ ദയനീയമാണ്. :) ചന്ദ്രവര്‍ഷ പ്രകാരമുള്ള റമദാന്‍ മാസത്തിന്റെ തീയതി ഇവിടെ പലര്‍ക്കും പലതാണ്. പ്രപഞ്ചത്തിലെ ഒരു ദിവസം എന്തുകൊണ്ടാണ് ഇങ്ങനെ വെവ്വേറെ നാടുകളില്‍ വെവ്വേറെ ദിവസങ്ങളിലായി വേര്‍പിരിഞ്ഞുപോകുത്..? ശാസ്ത്രവും ലോകവും ഇത്രമേല്‍ പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഒരു തീയതിയുടെ കാര്യത്തില്‍ മുസ്ലിം ലോകം ഇത്രമേല്‍ ആശയക്കുഴപ്പത്തിലാകുന്നത്..? ആലോചിച്ച് ഉത്തരം കാണേണ്ട വിഷയംതന്നെയാണിത്.
പ്രപഞ്ചത്തിലെ ഒരു തീയതി യാഥാര്‍ഥ്യമാവണമെങ്കില്‍ മൗലവിമാരോ ഖാസിമാരോ മാസപ്പിറവിയുടെ വാര്‍ത്താക്കുറിപ്പില്‍ ഒപ്പുചാര്‍ത്തണമെന്നത് എന്തായാലും ഒരു നല്ല സങ്കല്‍പ്പമായി കാണാന്‍ കഴിയില്ല. ജൂണ്‍ 30ന്റെ പിറ്റേന്ന് കാര്‍മേഘം മൂടി സൂര്യന്‍ മറഞ്ഞാലും ജൂലൈ ഒന്നു തന്നെയാണ്. കണ്ണുകൊണ്ട് കണ്ടാലേ അന്ന് ജൂലൈ ഒന്നാകൂ എന്ന് ആരെങ്കിലും ഇക്കാലത്ത് വാശി പിടിച്ചാല്‍ അവരെ കൊണ്ടുപോകാന്‍ സാധാരണയായി നമ്മള്‍ നിര്‍ദേശിക്കുന്ന രണ്ടു സ്ഥലങ്ങളും ഇന്ന് കേരളത്തില്‍ വളരെയേറെ പ്രശസ്തമാണ്.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉറപ്പിച്ചാലും തറപ്പിച്ചാലും തര്‍ക്കിച്ചാലും നിഷേധിച്ചാലും പ്രപഞ്ച നിയമങ്ങള്‍ അതേപടി തുടരും. ചന്ദ്രവര്‍ഷം സൂര്യവര്‍ഷംപോലെ ഒരു പ്രകൃതി പ്രതിഭാസമാണ്. കൃത്യവും കണിശവുമാണ് സൂര്യചന്ദ്രന്‍മാരുടെ ചലനം. ചന്ദ്രപ്പിറവി കേവലം മുസ്ലിംകളുടെ നോമ്പിന്റെയും പെരുന്നാളിന്റെയും മാത്രം വിഷയമല്ല. ശതകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും കുടികൊള്ളുന്ന ബൃഹത്സ്ഥൂല പ്രപഞ്ചത്തിലെ അതികണിശമായ ചലനങ്ങളുടെ ഭാഗം മാത്രമാണത്. അത് രണ്ടു നാട്ടില്‍ നാലു ടൈമില്‍ സംഭവിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ എടുത്തുദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒട്ടും പറയാനും കേള്‍ക്കാനും പാടില്ലാത്ത കാര്യം.
കണ്ണുകൊണ്ടു കണ്ടാല്‍ മാത്രമേ മാസപ്പിറവി അംഗീകരിക്കൂ എന്നു വാശി പിടിക്കുന്നവര്‍ സൂര്യകലണ്ടറില്‍ ഇത്തരം സാങ്കേതികപ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്നത് രസകരമാണ്. സമയം അറിയാന്‍ വാച്ചുകള്‍ നോക്കുന്നവര്‍ക്ക് ചന്ദ്രപ്പിറവിയുടെ കാര്യത്തില്‍ മാത്രം ശാസ്ത്രീയ സംവിധാനങ്ങള്‍ സ്വീകാര്യമാകുന്നില്ലെന്നത് കൗതുകകരം തന്നെ. ശിഹാബ് തങ്ങള്‍ നോമ്പു പ്രഖ്യാപിച്ചത് എന്റെ രാഷ്ട്രീയ വികാരം വ്രണപ്പെടുത്താനാണെന്ന് പരിഹാസ രൂപേണയെങ്കിലും ചിലര്‍ക്കു പറയാന്‍ പാകത്തില്‍ താഴ്ന്നുപോയിരിക്കുന്ന നമ്മുടെ ശാസ്ത്രബോധമെന്നത് മുസ്ലിം സമുദായത്തെ ഇനിയെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതല്ലേ.
''സൂര്യനും ചന്ദ്രനും അതിന്റെ കൃത്യമായ കണക്കനുസരിച്ചാകുന്നു (കറങ്ങിക്കൊണ്ടിരിക്കുത്.)'' (വി. ഖുര്‍ആന്‍, 55:5), ''എല്ലാം അതിന്റെ ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുന്നു'' (36:40), ''മാസപ്പിറവിയെപ്പറ്റി അവര്‍ നിങ്ങളോടു ചോദിക്കുന്നു. പറയുക, അത് ഹജ്ജിനും ജനങ്ങള്‍ക്കുമുള്ള കലണ്ടറാകുന്നു.'' (2:189). ഇത്ര സ്പഷ്ടമായി ഖുര്‍ആന്‍ നിലപാടു വ്യക്തമാക്കിയിട്ടും മാസം പിറക്കണമെങ്കില്‍ ഞമ്മള് തന്നെ അത് കാണണമെന്ന നിലപാട് മനുഷ്യന്റെ എന്തുമാത്രം ചെറുപ്പമാണ് കാണിക്കുന്നതെന്ന് നമ്മില്‍ പലരും ആലോചിക്കുന്നില്ല. മൂടിക്കെട്ടിയ സായംസന്ധ്യയില്‍, ആകാശം അലറിപ്പരന്നു പെയ്യുമ്പോള്‍, മാനന്തവാടിയിലെ മാനത്ത് ചന്ദ്രനെ കണ്ടു എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ തീര്‍ച്ചയായും ആളെ വേറെത്തന്നെ നോക്കണം, വിവരമുള്ളവരെ കിട്ടില്ല. ശാസ്ത്രീയമായ കണക്കുകളിലേക്കു മടങ്ങുകയും അതുവഴി പോരായ്മകള്‍ തിരുത്തുകയുമാണ് മുസ്ലിം സമുദായത്തിനു മുന്നിലെ കരണീയമായിട്ടുള്ള മാര്‍ഗം. സത്യം അംഗീകരിക്കാന്‍ മടിക്കുന്നേടത്തോളം പൊതുജനമധ്യത്തില്‍ കൂടുതല്‍ വഷളാവുമെന്ന കാര്യം മതനേതൃത്വങ്ങള്‍ ഓര്‍ത്താല്‍ നന്നായിരിക്കും .
ഈ പോസ്റ്റ് ഖത്തറിലെ വര്‍ത്തമാനം പത്രം പ്രവാസി വര്‍ത്തമാനം സപ്ലിമെന്റില്‍ 25/07ന് പ്രസിദ്ധീകരിച്ചു. |