Tuesday, 23 May 2023

മരിച്ച നിലയില്‍ കണ്ടെത്തി


തൊട്ടില്‍പാലം: വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലം പൂക്കാട് കണ്ടോത്തറമ്മേല്‍  ഖദീജ(78)യെയാണ് വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വായില്‍നിന്നും,മൂക്കില്‍നിന്നും രക്തം പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മാനസിക ആസ്വാസ്ഥ്യമുള്ള ഖദീജയുടെ പേരമകള്‍ സംഭവസമയത്ത് മുറിയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Thursday, 18 May 2023

സംരക്ഷണ ഭിത്തിതകര്‍ന്ന നിലയില്‍ പക്രംതളം ചുരം

 

സംരക്ഷണ ഭിത്തിതകര്‍ന്ന നിലയില്‍ പക്രംതളം ചുരം

കുറ്റ്യാടി: വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിലെ തകര്‍ന്നു കിടക്കുന്ന മേലെ പൂതം പാറ, പക്രംതളം ചൂരണി സംരക്ഷണ ഭിത്തികള്‍ പുനര്‍ നിര്‍നിര്‍മ്മിക്കാന്‍  നടപടി വൈകുന്നതായി പരാതി. ചൂരണിറോഡിലെ സംരക്ഷണഭിത്തി തകര്‍ന്നിട്ട് അഞ്ച് വര്‍ഷത്തോളമായി.

.നാലാം വളവിലുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തിയും വാഹനം ഇടിച്ചു തകര്‍ന്നു കിടക്കുകയാണ്. താഴ്ഭാഗം വലിയ കൊക്കയും, കാടു മൂടിയതിനാലും സംരക്ഷണ ഭിത്തി തകര്‍ന്നത് ഡ്രൈവര്‍മാര്‍ പെട്ടെന്ന് കാണുകയില്ല എന്നത് വലിയ അപകടമാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍  ദിവസേന ചുരം വഴി പോകുന്നുണ്ട്. തകര്‍ന്നു കിടക്കുന്ന സംരക്ഷണഭിത്തികള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.




Wednesday, 12 July 2017

കണ്ണീര്‍ ജീവിതങ്ങള്‍...




മരണത്തിന്റെ കണക്കുകള്‍ മാത്രമായിരിക്കും കണ്ണൂരിലെ കൊലപാതക ചര്‍ച്ചകളില്‍ പലപ്പോഴും കടന്നു വരുക. ചിലപ്പോള്‍ വെട്ടും കുത്തുമേറ്റതിന്റെ സ്‌കോര്‍ബോര്‍ഡുകളും വരും. പുതുതായി രക്തസാക്ഷികളോ ബലിദാനികളോ പിറക്കുന്നതോടെ അവര്‍ നേരത്തെയുള്ള ചര്‍ച്ചാ ഭൂപടത്തില്‍നിന്നു പതുക്കെ മായുന്നു. ചിലപ്പോള്‍ ആണ്ടനുസ്മരണങ്ങള്‍. മറ്റു ചിലപ്പോള്‍ ആവേശ മുദ്രാവാക്യങ്ങള്‍. കാണക്കാണെ അവയും വഴിപാടായി മാറുന്നു.

അത് രക്തസാക്ഷികളുടെ കാര്യം. എന്നാല്‍, ശരീരമാകെ കൊത്തിമുറിക്കപ്പെട്ട് ഒന്നു ചലിക്കാന്‍ പോലും കഴിയാതെ ശയ്യാവലംബികളായി തീരുന്നവരുടെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ..? ആദ്യത്തെ പരിചരണവും പിന്തുണയും പാര്‍ട്ടിവക ആശുപത്രി ചെലവുകളും കഴിഞ്ഞു സുഖപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ അവര്‍ തനിച്ചായി മാറുന്നു. രാപ്പകല്‍ മറന്നു പണിയെടുത്തു കുടുംബം പോറ്റിയവര്‍ നിത്യനരകത്തില്‍ സ്വയംശപിച്ചു തീരുന്നു. ഒന്നനങ്ങാന്‍ പോലും അപരന്റെ സഹായം വേണ്ടിവരുമ്പോള്‍ ജീവിതംതന്നെ ഭാരമായി തള്ളിനീക്കുന്നു. കുട്ടികള്‍ക്ക് നഷ്ടമാകുന്നത് സ്‌നേഹനിധിയായ അഛന്റെ കൈത്താങ്ങെങ്കില്‍ കുടുംബിനികള്‍ക്ക് അവരുടെ ആലംബം എന്നെന്നേക്കുമായി ഇല്ലാതാകുന്നു. കുടുബംനാഥന്റെ റോളിലേയ്ക്ക് അവര്‍ നിര്‍ബന്ധിതരായി പരിവര്‍ത്തനപ്പെടുന്നു.


ശ്രീജന്റെ കഥ..!

തലശേരിയിലെ കതിരൂരില്‍ തലങ്ങും വിലങ്ങും തുരുതുരാ വെട്ടേറ്റു നുറുങ്ങിയ ശരീരവുമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ കഴിയുന്ന കുണ്ടാഞ്ചേരി ശ്രീജന്‍ എന്ന 43കാരന്റെ ദൃശ്യങ്ങള്‍ ഈ ബ്ലോഗില്‍ ഞാന്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മൂന്നാം തീയതി പട്ടാപ്പകല്‍ കതിരൂരിലെ നായനാര്‍ റോഡിലായിരുന്നു സംഭവം. കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ ചെറുമകന്‍ കൂടിയാണ് ശ്രീജന്‍. ഓട്ടോ ഡ്രൈവറായ ശ്രീജന്‍ ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ചു തിരിച്ചു പോകുന്നവഴിക്കായിരുന്നു നടുറോഡില്‍ ആക്രമണം. കത്തിയും കഠാരയും വടിവാളുകളുമൊക്കെയായി എത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടിനുറുക്കുകയായിരുന്നെന്ന് ശ്രീജന്‍ ഓര്‍ക്കുന്നു. കഴുത്തിനെ ലക്ഷ്യം വെച്ചായിരുന്നു വെട്ടുകള്‍ കൂടുതലും. അതെല്ലാം അയാള്‍ കൈകള്‍കൊണ്ടു തടുത്തു. അതിനാല്‍ കൈത്തണ്ട രണ്ടും തറഞ്ഞുപോയി. നെഞ്ചില്‍ കുത്തിയിറക്കിയ കഠാര ശ്വാസകോശത്തില്‍ തട്ടി മുറിവേല്‍പ്പിച്ചു. മറ്റൊന്ന് നെഞ്ചിനു സൈഡിലൂടെ കേറി പിന്നില്‍ തുളച്ചു പുറത്തുവന്നു. തലയോട്ടി ലക്ഷ്യംവെച്ച വെട്ട് നെറ്റിയില്‍ മാരക മുറിവു തീര്‍ത്തു ഭാഗികമായി പിളര്‍ത്തി. നെഞ്ചിലും വയറ്റിലും ചന്തിയിലും വാരിയിലും തുരുതുരാ വെട്ടുകള്‍. അവസാനം മരിച്ചെന്നു കരുതി അക്രമിസംഘം ഇട്ടേച്ചുപോയി. നാട്ടുകാര്‍ ആരൊക്കെയോ വാരിയെടുത്തുകൂട്ടി തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കൂടുതല്‍ ചികിത്സയ്ക്കായി ബേബി മേമ്മോറിയലിലേക്ക്.

സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. അവശേഷിക്കുന്നവര്‍ കണ്ടാല്‍ അറിയുന്നവര്‍. അവര്‍ ഒളിവില്‍.

സംഭവത്തെക്കുറിച്ച് ശ്രീജനും അദ്ദേഹത്തിന്റെ ഭാര്യ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ എ.കെ രമ്യയും പറയുന്നത് ഇങ്ങനെ: കതിരൂര്‍ പ്രദേശത്ത് ഒരു ക്രിമിനല്‍ സംഘമുണ്ട്. ലഹരിയുടെ അടിമകളായി കഴിയുന്നവര്‍. ആര്‍എസ്എസ് ആണ് ഇവരുടെ സംരക്ഷകര്‍. നാട്ടില്‍ ചില്ലറയല്ലാത്ത പ്രശ്‌നങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നു. ഗൃഹനാഥന്‍മാര്‍ ഗള്‍ഫിലുള്ള വീടുകളിലെത്തി രാത്രിയില്‍ വാഹനങ്ങള്‍ ചോദിക്കുന്നു. ചിലര്‍ ഭയപ്പാടുകൊണ്ട് കാറിന്റെ താക്കോലുകള്‍ നല്‍കുന്നു. കിട്ടിയാല്‍ തോന്നുംപോലെ ഉപയോഗിച്ച് അവര്‍ തിരിച്ചു നല്‍കുന്നു. പ്രതിഷേധിച്ചാല്‍ അത്തരം വീടുകള്‍ക്ക് കല്ലെറിയുന്നു. ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്നു. വീടുകളിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുന്നു. ടൗണിലെ കോളെജിലെ കുട്ടികളെ കമന്റടിക്കുന്നു. ഇവര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു. അവരില്‍ സ്വാഭാവികമായും പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മും ഭാഗമാകുന്നു. ഈ വിദ്വേഷമാണ് ഏകപക്ഷീയമായ ആക്രമണത്തില്‍ കലാശിച്ചത് - മരുന്ന് മണക്കുന്ന ആശുപത്രി ബെഡില്‍ അതീവജാഗ്രതയോടെ മാലാഖമാര്‍ പരിചരിക്കുന്ന മുറിയിലിരുന്ന് ഇരുവരും ആശങ്കകളോടെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

കതിരൂരിലെ ശ്രീജന്‍ യഥാര്‍ഥത്തില്‍ ഒരു ഉദാഹരണം മാത്രമാണ്. വെട്ടും കുത്തുമേറ്റു നുറുക്കപ്പെടുന്ന കണ്ണൂരിലെ രാഷ്ട്രീയ ശരീരങ്ങളുടെ നേര്‍ചിത്രം. ശിഷ്ടജീവിതം നരകതുല്യമായി മാറുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ദയനീയ മുഖം. മനുഷ്യനന്‍മയ്ക്കല്ലെങ്കില്‍ എന്താണ് പിന്നെ ഈ രാഷ്ട്രീയത്തിന്റെ അര്‍ഥം..!!

Thursday, 25 August 2016

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് യൂണിയന്‍ ഗൂണ്ടായിസം; കലക്റ്റര്‍ ബ്രോയും എംഎല്‍എയും കൂട്ട്


യ് ഓട്ടോ എന്ന സിനിമയില്‍ ഗണേഷിന്റെ ഓട്ടോ തള്ളി ഇരുളിന്റെ മറവില്‍ ഉരുട്ടി കുഴിയിലേക്കിടുന്ന ചില ഓട്ടോക്കാരുണ്ടല്ലോ. അവരുടെ പ്രേതം ആവേശിച്ച  ചിലര്‍ ഇപ്പോഴും കോഴിക്കോട്ടെ ഓട്ടോക്കാരിലും ടാക്‌സിക്കാരിലും ഉണ്ടെന്നതാണു സത്യംസംഘടിതശക്തിയുപയോഗിച്ച് ഇരുളിന്റെ മറവില്‍ ഇതരതൊഴിലാളികളെയും പൊതുജനങ്ങളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഇവര്‍ രാഷ്ട്രീയക്കാരുടെു തണലില്‍ തടിച്ചുകൊഴുക്കുന്നു. ശേഷം പൊതുജനങ്ങള്‍ക്കുനേരെ പല്ലിളിക്കുന്നു. 



ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയാണ് പരാമ്പരാഗത ഓട്ടൊ-ടാക്‌സിക്കാരുടെ സംഘടിത ആക്രമണം. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികളുണ്ട്. ഈയടുത്താണ് കോഴിക്കോട്ട് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിച്ചത്. മാംഗോ കാബ്‌സ് എന്നാണ് പേര്. മറ്റു നഗരങ്ങളിലേതുപോലെ മികച്ച ഓഫറാണ് കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്‌സികളുടെത്. മിനിമം ചാര്‍ജ് 99 രൂപയെന്നതാണ് പ്രധാന ആകര്‍ഷണം. ഈ തുകയ്ക്ക് നാലു കിലോമീറ്റര്‍ യാത്രചെയ്യാം. അതായത്, സാധാരണ ടാക്‌സിക്കാര്‍ 300ഉം 400ഉം 500ഉം എന്നുവേണ്ട തോന്നിയപോലെ ചാര്‍ജ് വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ ഓട്ടത്തിനു മാത്രം പണം വാങ്ങുന്നു. മിനിമം ചാര്‍ജില്‍ മാത്രമല്ല ഈ വ്യത്യാസം. തുടര്‍ന്നുള്ള യാത്രകള്‍ക്കും ഓടുന്നതിന് അനുസരിച്ചു തന്നെയാണ് ചാര്‍ജ്. ചെയ്യാത്ത യാത്രയ്ക്കു കൂടി പണം നല്‍കേണ്ടിവരുന്ന പതിവു രീതിയില്‍നിന്നു വ്യത്യസ്തമായി, വര്‍ഷങ്ങളായി ജനം ആഗ്രഹിക്കുന്നതാണ് ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നര്‍ഥം. 

എന്നാല്‍, മറ്റു നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായി ഓണ്‍ലൈന്‍ ടാക്‌സികള്‍ ചീറിപ്പായുമ്പോള്‍ കോഴിക്കോട് സ്ഥിതി നേരെ തിരിച്ചാണ്. യൂണിയന്‍ ബലവും ഗൂണ്ടായിസവും കൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ കെട്ടുകെട്ടിക്കാനുള്ള ഒരുക്കത്തിലാണ് പരമ്പരാഗത ടാക്‌സിക്കാര്‍. ഇതിന് ഓട്ടോ ഡ്രൈവര്‍മാരും കൂട്ടുണ്ട്. കാരണം മറ്റൊന്നല്ല. ഓട്ടോകള്‍ വാങ്ങുന്നതിനെക്കാള്‍ കുറവാണ് പലപ്പോഴും ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്ക്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും. ഓഡി, ജാഗ്വര്‍, ബിഎംഡബ്ല്യൂ ഉള്‍പ്പെടെയുള്ള നിരയാണ് മാംഗോ കാബ്‌സില്‍ 99 രൂപയ്ക്ക് ഓടാനിരിക്കുന്നതും. 



കോഴിക്കോട്ടെ ഓട്ടോക്കാര്‍ കേരളത്തിലെ ഏറ്റവും നല്ല ഓട്ടോക്കാരാണെന്നാണ് ചിലരെങ്കിലും വിശേഷിപ്പിക്കാറുള്ളത്. നല്ലവര്‍ ഇല്ലെന്നല്ല. പക്ഷെ, ഇവരില്‍ പലരും ശരാശരിയിലും താഴെയുള്ള പിടിച്ചുപറിക്കാരാണെന്നാണ് പല യാത്രക്കാരുടെയും അനുഭവം. ഡ്രൈവര്‍മാര്‍ക്കു സൗകര്യമുള്ള സ്ഥലത്താണു പോവുക. അല്ലാതെ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തല്ല. പരാതികള്‍ കുന്നുകൂടിയപ്പോള്‍ മുന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി.ബി സലീം ഓറഞ്ച് ഓട്ടോ എന്ന പേരില്‍ നാട്ടിന്‍പുറത്തുനിന്ന് ഓട്ടോകള്‍ കൊണ്ടുവന്ന് രാത്രികാല സര്‍വിസ് ആരംഭിച്ചിരുന്നു. യൂണിയന്‍ ബലത്തിന്റെയും ഗൂണ്ടായിസത്തിന്റെയും മിടുക്കില്‍ ഇരുളിന്റെ മറവില്‍ ഒളിഞ്ഞിരുന്ന് ആക്രമിച്ച് ഓട്ടോക്കാര്‍ ഓറഞ്ചുകാരെ നാടുകടത്തി. ക്ഷണച്ചുകൊണ്ടുവന്നവര്‍ക്ക് സംരക്ഷണം പോലും കൊടുക്കാന്‍ കഴിയാതെ ജില്ലാ കലക്റ്ററുടെ നാണവും മാനവും പോയി. ഇപ്പോള്‍ ഇതേ സംഘബലമുപയോഗിച്ച് ഓണ്‍ലൈന്‍ ടാക്‌സിക്കാരെയും നേരിടാനാണ് സംഘടിത തൊഴിലാളികളുടെ ശ്രമം. കഴിഞ്ഞ ദിവസം മാംഗോ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് ആക്രമണവുമുണ്ടായി. 




ഓണ്‍ലൈന്‍ ടാക്‌സിക്കെതിരെ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തില്‍ ഓട്ടോക്കാരും ടാക്‌സിക്കാരും പണിമുടക്കു നടത്തി കലക്റ്ററേറ്റില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ശേഷം ജില്ലാ കലക്റ്ററുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച സംഘടിപ്പിച്ചു. ഈ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് 99 രൂപയില്‍നിന്ന് 150 ആക്കി ഉയര്‍ത്താന്‍ തീരുമാനമായി എന്നാണു വിവരം. അതായത് ടാക്‌സി ഉടമകളെ വേണ്ടവിധം വിരട്ടി എന്നര്‍ഥം. ജനകീയനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്ടെ എംഎല്‍എ എ. പ്രദീപ്കുമാറിനെയും ന്യൂജെന്‍ ബ്രൊ ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്തിനെയും ഉപയോഗിച്ചായിരുന്നു ഈ സമ്മര്‍ദ-വിരട്ടല്‍ നാടകം. ഒടുവില്‍ ഓണ്‍ലൈന്‍ ടാക്‌സി ഉടമകള്‍ക്കു വഴങ്ങേണ്ടി വരുന്നു എന്നാണു സൂചനകള്‍. ജനം പിന്നെയും ശശി...

Thursday, 11 July 2013

മാസപ്പിറവിയുടെ മാനങ്ങള്‍


ത്രമോഫിസിലെ തിരക്കേറിയ ഒരു പതിവു സായാഹ്നം. പേരാമ്പ്രയിലും കുന്ദമംഗലത്തും അടിപിടിയെ തുടര്‍ന്നുള്ള ഹര്‍ത്താലിന്റെ വാര്‍ത്തകള്‍ എത്തിയിട്ടില്ല. മുഖ്യന്റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരത്തു നല്ല കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ഒഡിഷനും പെര്‍ഫോമന്‍സുമൊക്കെ എന്നത്തെയും പോലെ അന്നുമുണ്ട് കോഴിക്കോട്ട്. കരിയര്‍ പേജിലേക്ക് എന്തെങ്കിലുമൊക്കെ കൊടുക്കണമൊവശ്യപ്പെട്ട് ഡസ്‌കിലെ പേജു ചെയ്യുന്ന പുള്ളിക്കാരന്‍ വിളിച്ചിട്ടുണ്ട്. ടി.പി കേസ് വിചാരണ വാര്‍ത്ത ഇനിയും കൊടുത്തിട്ടില്ല. കോടതിയും പൊലീസ് സ്റ്റേഷനും പണ്ടാരങ്ങളുമൊക്കെയായി എടുക്കാന്‍ വാര്‍ത്തകള്‍ ഇനിയുമുണ്ടേറെ. ഇതിനിടയില്‍ കാക്കത്തൊള്ളായിരം ഫോണ്‍ കോളുകളും. 

ഈ കോലാഹലങ്ങള്‍ക്കൊക്കെ ഇടയിലാണ് മാസപ്പിറവി അറിയിപ്പിനായുള്ള കാത്തിരിപ്പ്. അതും കോഴിക്കോട്ടുനിന്നുതന്നെ കൊടുക്കണമല്ലോ. എന്നാല്‍, കോഴിക്കോട് പേജിലേക്ക് മാത്രം മതിയാവുകയുമില്ല. കേരളം മുഴുവന്‍ പോകേണ്ട വാര്‍ത്തയാണ്. അവിടെയും തീരുന്നില്ല പ്രശ്‌നങ്ങള്‍. റമദാന്‍ ഒന്നിനു പ്രസിദ്ധീകരിക്കേണ്ട പരസ്യം പത്രത്തിന്റെ ഒന്നാം പേജിലെ രണ്ടാം ഹാഫില്‍ നിറഞ്ഞു നില്‍ക്കുന്നു. അഥവാ മാസപ്പിറവി കണ്ടില്ലെങ്കില്‍ ഈ പരസ്യം എടുത്തു മാറ്റണം. അവിടത്തേയ്ക്കു വാര്‍ത്ത കണ്ടെത്താന്‍ സെന്‍ട്രല്‍ ഡെസ്‌കിലുളളവര്‍ മെയ്യഭ്യാസം തുടങ്ങണം. മറ്റു പേജിലുള്ള പ്രധാന വാര്‍ത്തകള്‍ ഒന്നാം പേജിലേക്കു വിട്ട്് പേജ് മാറ്റി സെറ്റ് ചെയ്യണം. മറ്റു പേജുകള്‍ പൊളിച്ചതിന്റെ മെനക്കെടുകള്‍ വേറെ. എഡിറ്റ് പേജിന്റെ സിംഹഭാഗം നിറഞ്ഞുനില്‍ക്കുന്ന റമദാന്‍ ലേഖനം എടുത്തു മാറ്റി പുതിയതു വെക്കല്‍ ഡെസ്‌കിലെ കാരണവരുടെ മറ്റൊരു തലവേദന. അതൊരുവശത്തിരിക്കട്ടെ. 

മാസപ്പിറവി തിങ്കളാഴ്ച കണ്ടാലും ഇല്ലെങ്കിലും മുജാഹിദ് നേതൃത്വത്തിനു കീഴിലെ ഹിലാല്‍ കമ്മിറ്റിക്ക് ബുധനാഴ്ച റമദാന്‍ ഒന്നാണ്. കാരണം അവര്‍ക്ക് ചൊവ്വാഴ്ച ശഅബാന്‍ മാസം 30 ആയിരുന്നു. എന്നാല്‍, സുന്നി സംഘടനകള്‍ക്ക് അങ്ങനെയല്ല. അവര്‍ക്കു ചൊവ്വാഴ്ച ശഅബാന്‍  29 ആയിട്ടുള്ളൂ. വേണമെങ്കില്‍ ഒരു ദിവസം കൂടി നീട്ടാം. റമദാന്‍ ആരംഭം രണ്ടു കൂട്ടര്‍ക്ക് രണ്ടു ദിവസമായാല്‍ മാധ്യമസ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ എന്തു ചെയ്യും..? പരസ്യം വെക്കണോ, വെക്കണ്ടേ..? റമദാന്‍ വാര്‍ത്ത എങ്ങനെ എഴുതണം..? ഇതിനിടയിലാണ് മാസമുറപ്പിച്ചോ എന്ന സ്‌നേഹാന്വേഷണങ്ങളുമായി നാട്ടുകാരുടെ കൊലവിളികള്‍. ഖാസിമാരെ വിളിച്ചു നോക്കാമെന്നു വച്ചാല്‍, മാസപ്പിറവി സംബന്ധിച്ച് ഒരുറപ്പും അവര്‍ പറയുന്നില്ല. എവിടുന്നെങ്കിലും അറിയിപ്പു വന്നിട്ടു വേണമല്ലോ പറയാന്‍! 

മുസ്ലിം ആഘോഷങ്ങളും ആചാരങ്ങളും അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ചന്ദ്രമാസപ്പിറവിയുടെ തലേന്നാള്‍ ഒരു പത്രമോഫിസില്‍ സംഭവിക്കുന്ന പതിവ് ആശയക്കുഴപ്പത്തിന്റെ  ലഘുചിത്രം മാത്രമാണിത്. ഇത് മാധ്യമസ്ഥാപനങ്ങളിലെ മാത്രം സ്ഥിതി. ഇതുപോലെ ഒട്ടനേകം ഓഫിസുകളിലും സ്ഥാപനങ്ങളിലുമായി ആശയക്കുഴപ്പങ്ങള്‍ പരശതം ഈ വിശേഷ ദിവസങ്ങളെ ചുറ്റിപ്പറ്റി  ഏറിയും കുറഞ്ഞും നില്‍ക്കുന്നു. പതുക്കെയാണെങ്കിലും എല്ലാ നാടുകളിലും വ്യാഴാഴ്ചയോടെ ഇത്തവണത്തെ റമദാന്‍ ട്രാക്കില്‍ കയറിയിട്ടുണ്ട്. ബോസ്‌നിയ, ചൈന, കൊസോവൊ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു റമദാന്‍ ഒന്ന്. യുഎഇ, സൗദി, കുവൈത്ത്, ഒമാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, നൈജീരിയ, മൊറോക്കോ, കേരളം തുടങ്ങി ഒട്ടനവധി ദേശങ്ങളില്‍ ബുധനാഴ്ച. ഇന്ത്യയിലെ പല നഗരങ്ങളിലും പാക്കിസ്ഥാനിലും മറ്റു പലയിടങ്ങളിലും റമദാന്‍ ഒന്നാവട്ടെ വ്യാഴാഴ്ചയും. 

ഇതെഴുതുന്ന ദിവസം സൂര്യവര്‍ഷം ജൂലൈ 12 വ്യാഴാഴ്ചയാണ്. ലോകത്തെവിടെയും ഇത് അങ്ങനെത്തന്നെയാണ്. ജൂലൈ പത്തോ പതിനൊന്നോ പതിമൂന്നോ ആയി ഈ വെള്ളിയാഴ്ച ദിവസം വ്യത്യാസപ്പെടുന്നില്ല. എന്നാല്‍, സമാനമായ, സൂര്യവര്‍ഷത്തെക്കാള്‍ കുറച്ചുകൂടി കണിശതയുള്ള ചന്ദ്രവര്‍ഷത്തിന്റെ കാര്യം ഇപ്പോള്‍ പരമ ദയനീയമാണ്. :) ചന്ദ്രവര്‍ഷ പ്രകാരമുള്ള റമദാന്‍ മാസത്തിന്റെ തീയതി ഇവിടെ പലര്‍ക്കും പലതാണ്. പ്രപഞ്ചത്തിലെ ഒരു ദിവസം എന്തുകൊണ്ടാണ് ഇങ്ങനെ വെവ്വേറെ നാടുകളില്‍ വെവ്വേറെ ദിവസങ്ങളിലായി വേര്‍പിരിഞ്ഞുപോകുത്..? ശാസ്ത്രവും ലോകവും ഇത്രമേല്‍ പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഒരു തീയതിയുടെ കാര്യത്തില്‍ മുസ്ലിം ലോകം ഇത്രമേല്‍ ആശയക്കുഴപ്പത്തിലാകുന്നത്..? ആലോചിച്ച് ഉത്തരം കാണേണ്ട വിഷയംതന്നെയാണിത്. 




പ്രപഞ്ചത്തിലെ ഒരു തീയതി യാഥാര്‍ഥ്യമാവണമെങ്കില്‍ മൗലവിമാരോ ഖാസിമാരോ മാസപ്പിറവിയുടെ വാര്‍ത്താക്കുറിപ്പില്‍ ഒപ്പുചാര്‍ത്തണമെന്നത് എന്തായാലും ഒരു നല്ല സങ്കല്‍പ്പമായി കാണാന്‍ കഴിയില്ല. ജൂണ്‍ 30ന്റെ പിറ്റേന്ന് കാര്‍മേഘം മൂടി സൂര്യന്‍ മറഞ്ഞാലും ജൂലൈ ഒന്നു തന്നെയാണ്. കണ്ണുകൊണ്ട് കണ്ടാലേ അന്ന് ജൂലൈ ഒന്നാകൂ എന്ന് ആരെങ്കിലും ഇക്കാലത്ത് വാശി പിടിച്ചാല്‍ അവരെ കൊണ്ടുപോകാന്‍ സാധാരണയായി നമ്മള്‍ നിര്‍ദേശിക്കുന്ന രണ്ടു സ്ഥലങ്ങളും ഇന്ന് കേരളത്തില്‍ വളരെയേറെ പ്രശസ്തമാണ്. 

നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉറപ്പിച്ചാലും തറപ്പിച്ചാലും തര്‍ക്കിച്ചാലും നിഷേധിച്ചാലും  പ്രപഞ്ച നിയമങ്ങള്‍ അതേപടി തുടരും. ചന്ദ്രവര്‍ഷം സൂര്യവര്‍ഷംപോലെ ഒരു പ്രകൃതി പ്രതിഭാസമാണ്. കൃത്യവും കണിശവുമാണ് സൂര്യചന്ദ്രന്‍മാരുടെ ചലനം. ചന്ദ്രപ്പിറവി കേവലം മുസ്ലിംകളുടെ നോമ്പിന്റെയും പെരുന്നാളിന്റെയും മാത്രം വിഷയമല്ല. ശതകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും കുടികൊള്ളുന്ന ബൃഹത്സ്ഥൂല പ്രപഞ്ചത്തിലെ അതികണിശമായ ചലനങ്ങളുടെ ഭാഗം മാത്രമാണത്. അത് രണ്ടു നാട്ടില്‍ നാലു ടൈമില്‍ സംഭവിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ എടുത്തുദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒട്ടും പറയാനും കേള്‍ക്കാനും പാടില്ലാത്ത കാര്യം. 

കണ്ണുകൊണ്ടു കണ്ടാല്‍ മാത്രമേ മാസപ്പിറവി അംഗീകരിക്കൂ എന്നു വാശി പിടിക്കുന്നവര്‍ സൂര്യകലണ്ടറില്‍ ഇത്തരം സാങ്കേതികപ്രശ്‌നങ്ങളൊന്നും കാണുന്നില്ലെന്നത് രസകരമാണ്. സമയം അറിയാന്‍ വാച്ചുകള്‍ നോക്കുന്നവര്‍ക്ക് ചന്ദ്രപ്പിറവിയുടെ കാര്യത്തില്‍ മാത്രം ശാസ്ത്രീയ സംവിധാനങ്ങള്‍ സ്വീകാര്യമാകുന്നില്ലെന്നത് കൗതുകകരം തന്നെ. ശിഹാബ് തങ്ങള്‍ നോമ്പു പ്രഖ്യാപിച്ചത് എന്റെ രാഷ്ട്രീയ വികാരം വ്രണപ്പെടുത്താനാണെന്ന് പരിഹാസ രൂപേണയെങ്കിലും ചിലര്‍ക്കു പറയാന്‍ പാകത്തില്‍ താഴ്ന്നുപോയിരിക്കുന്ന നമ്മുടെ ശാസ്ത്രബോധമെന്നത് മുസ്ലിം സമുദായത്തെ ഇനിയെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതല്ലേ. 

''സൂര്യനും ചന്ദ്രനും അതിന്റെ കൃത്യമായ കണക്കനുസരിച്ചാകുന്നു (കറങ്ങിക്കൊണ്ടിരിക്കുത്.)'' (വി. ഖുര്‍ആന്‍, 55:5), ''എല്ലാം അതിന്റെ ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുന്നു'' (36:40), ''മാസപ്പിറവിയെപ്പറ്റി അവര്‍ നിങ്ങളോടു ചോദിക്കുന്നു. പറയുക, അത് ഹജ്ജിനും ജനങ്ങള്‍ക്കുമുള്ള കലണ്ടറാകുന്നു.'' (2:189). ഇത്ര സ്പഷ്ടമായി ഖുര്‍ആന്‍ നിലപാടു വ്യക്തമാക്കിയിട്ടും മാസം പിറക്കണമെങ്കില്‍ ഞമ്മള് തന്നെ അത് കാണണമെന്ന നിലപാട് മനുഷ്യന്റെ എന്തുമാത്രം ചെറുപ്പമാണ് കാണിക്കുന്നതെന്ന് നമ്മില്‍ പലരും ആലോചിക്കുന്നില്ല. മൂടിക്കെട്ടിയ സായംസന്ധ്യയില്‍, ആകാശം അലറിപ്പരന്നു പെയ്യുമ്പോള്‍, മാനന്തവാടിയിലെ മാനത്ത് ചന്ദ്രനെ കണ്ടു എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ തീര്‍ച്ചയായും ആളെ വേറെത്തന്നെ നോക്കണം, വിവരമുള്ളവരെ കിട്ടില്ല. ശാസ്ത്രീയമായ കണക്കുകളിലേക്കു മടങ്ങുകയും അതുവഴി പോരായ്മകള്‍ തിരുത്തുകയുമാണ് മുസ്ലിം സമുദായത്തിനു മുന്നിലെ കരണീയമായിട്ടുള്ള മാര്‍ഗം. സത്യം അംഗീകരിക്കാന്‍ മടിക്കുന്നേടത്തോളം പൊതുജനമധ്യത്തില്‍ കൂടുതല്‍ വഷളാവുമെന്ന കാര്യം മതനേതൃത്വങ്ങള്‍ ഓര്‍ത്താല്‍ നന്നായിരിക്കും 

ഈ പോസ്റ്റ് ഖത്തറിലെ വര്‍ത്തമാനം പത്രം പ്രവാസി വര്‍ത്തമാനം സപ്ലിമെന്റില്‍ 25/07ന് പ്രസിദ്ധീകരിച്ചു.




Sunday, 3 February 2013

വേര്‍ ദേര്‍ ഈസ് എ വുമണ്‍...



ണ്ട് നായനാര്‍ പറഞ്ഞതു തന്നെയായിരിക്കണം ശരി. പെണ്ണുള്ളേടത്തു പെണ്‍വാണിഭവും കാണും, അല്ലേ..?  ആ സരസനേതാജി അന്നു മറ്റൊരു തമാശകൂടി പറഞ്ഞുവച്ചു. അമേരിക്കയിലൊക്കെ പെണ്‍വാണിഭം ഒരു ചായകുടിക്കുന്ന പോലെയാണത്രെ. (മാധ്യമമൂരാച്ചികള്‍ ഇതും വളച്ചൊടിച്ച് അടിച്ചെടുത്തതാണോ എന്നറിയില്ല. ഭക്ഷണമില്ലെങ്കില്‍ കേരളീയര്‍ ഇറച്ചിയും മീനും തിന്നട്ടെയെന്നു സി. ദിവാകരന്‍ സഖാവിന്റെ തൊള്ളയില്‍ അവസരത്തില്‍നിന്നു മുറിച്ചെടുത്തു കുത്തിയിറക്കിയപോലെ). പെണ്‍വാണിഭങ്ങളെ അത്ര ലളിതമായി കാണുന്നതു ശരിയാണോ എന്ന ചോദ്യമുയരുക സ്വാഭാവികം. ചോദ്യമുയര്‍ന്നാലും ഇല്ലെങ്കിലും നായനാര്‍ പറഞ്ഞതു ശരിതന്നെ. ഒന്നല്ല ഒരു നൂറുവട്ടം. എന്തുമാത്രം പെണ്‍വാണിഭങ്ങളും കോലാഹലങ്ങളുമാണു നാട്ടില്‍. വഴിവാണിഭത്തെക്കാള്‍ പ്രചാരമാണിപ്പോള്‍ പെണ്‍വാണിഭത്തിന്. ഇനി തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതിനു ലൈസന്‍സ് ഏര്‍പ്പെടുത്തി ലേലത്തിനു നല്‍കുന്ന കാലവും വരുമോ, എന്തോ..!

കുടുങ്ങാനും മറ്റുള്ളവരെ കുടുക്കാനും നല്ല ആയുധംതന്നെയാണു പെണ്ണിടപാടുകള്‍. മോണിക്ക ലെവിന്‍സ്‌കിയില്‍ തട്ടി ക്ലിന്റണ്‍ ഭരണകൂടം ആടിയുലഞ്ഞതു പഴയത്. ഇസ്രായേല്‍ അതിക്രമത്തില്‍ അനിഷ്ടം കാട്ടിയതിനു ജൂതര്‍ കൊടുത്ത കലക്കന്‍ പണിയായിരുന്നു ലെവിന്‍സ്‌കി നാടകമെന്നു ശ്രുതിയുണ്ട്. ശരിയായിരിക്കുമോ..? ആവാം. മൊസാദിനെ നന്നായറിയുന്നവര്‍ അതിന്റെ സാധ്യതകള്‍ ഏതായാലും തള്ളിക്കളയില്ല. സഞ്ജയ് ഗാന്ധിയും എന്‍ഡി തിവാരിയും ജോര്‍ജ് ഫെര്‍ണാണ്ടസുമൊക്കെ ഇത്തരം കഥകളിലെ ചെറുതോ വലുതോ ആയ ഇന്ത്യന്‍ നായകര്‍. കേരളത്തില്‍ പെണ്‍വാണിഭമെന്നു പറയുമ്പോള്‍ നമ്മുടെ കുഞ്ഞാക്കയുടെ പേരാണ് ആദ്യം പറഞ്ഞു കേള്‍ക്കുക. ടി.പി ദാസനും രാജഗോപാലും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും കേസില്‍ പ്രതികളായിരുന്നെങ്കിലും കുഞ്ഞാലിക്കയുടെ പര്യായമായി ഐസ്‌ക്രീമിനെ മാറ്റുന്നതില്‍ മുഖ്യഎതിരാളി വി.എസും അദ്ദേഹത്തിനുള്ളിലെ വൈരനിര്യാതനനും വലിയൊരളവോളം വിജയിച്ചിട്ടുണ്ടെന്നതു വാസ്തവം മാത്രം.



കേട്ടു മടുത്ത ചരിത്രമാണ് പിടി ചാക്കോ അപവാദം. അതിനിയും മാന്തുന്നതു ശരിയെല്ലന്നതിനാല്‍ വിട്ടേക്കാം. എന്തായാലും ചാക്കോയുടെ ശിഷ്യനും പിഴച്ചില്ല. പിജെ ജോസഫിന്റെ കൈയുടക്കിയതു വിമാനത്തില്‍. പാവത്തിനെ പിന്നെയും കുടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിസി ജോര്‍ജ് ഒന്നു മെനക്കെട്ടിരുന്നു. അതുപക്ഷേ ചീറ്റിപ്പോയി. ഇടതു സര്‍ക്കാരിന്റെ കാലത്തെ പിജെയുടെ പിന്‍ഗാമി മോന്‍സ് ഒന്നു കുടുങ്ങാനിരിക്കുകയായിരുന്നു.  ഭാഗ്യംകൊണ്ടു മാത്രം അതു വഴിമാറിപ്പോയി. നലയിലും വിലയിലും ഉയരത്തിലായാലും ഉന്‍മാദികള്‍ക്കു മുന്നില്‍ രക്ഷയില്ലെന്നു തെളിയിച്ചു നീലന്‍ സംഭവം. പി. ശശിയും ഗോപി കോട്ടമുറിക്കലും സമീപകാലത്തെ ചില പെണ്ണനുഭവങ്ങള്‍ മാത്രം.

ജഗതി ശ്രീകുമാറും ബിനീഷ് കൊടിയേരിയുമൊക്കെ വലിയ കോലാഹലങ്ങളില്‍ പെടാതെ തല്‍ക്കാലത്തേയ്ക്കു തടി കയ്ച്ചിലാക്കിവര്‍. ഇപ്പോഴിതാ ആ വിശാല ശ്രേണിയിലേക്കു വീണ്ടും കാലെടുത്തു കുത്തിയിരിക്കുന്നു ഇന്ദ്രപ്രസ്ഥത്തിലിരുന്നു കേരളത്തിലെ കുഴികളില്‍ സോട്ടിട്ടു കളിക്കുന്ന കോണ്‍ഗ്രസ് ടെലിവിഷന്‍ ജീവി സാക്ഷാല്‍ പിജെ കുര്യന്‍. നാട്ടിലൊരു നല്ല പരിപാടിക്കും ഇങ്ങേരെ ഈയടുത്ത കാലത്തൊന്നും കണ്ടവരില്ല. മദാമ്മയെയും ഉപജാപങ്ങളെയും സുഖിപ്പിച്ച് ഇവിടെത്തന്നെ വിതരണം ചെയ്യാനില്ലാത്ത സീറ്റുകള്‍ തട്ടിപ്പറിക്കലാണു പ്രധാന ഹോബി. ഇതേ പിമ്പിങ് കൗശലത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി കൂടി തട്ടിയെടുത്തിട്ടുണ്ട് ടിയാന്‍. കേരളത്തിലെ അദ്ദേഹം ആരോപിക്കുന്നപോലുള്ള ഒരു ഗൂഢാലോചനക്കാര്‍ക്കും കുര്യച്ചന്റെ രോമത്തിലെന്നല്ല നടന്ന വഴികളിലെ പുല്ലുപോലും പറിക്കാന്‍ കഴിയില്ലെന്നു ചുരുക്കം.

പ്രതിയാണെങ്കില്‍ കുര്യച്ചാ, അങ്ങ് രക്ഷപ്പെടാന്‍ പാടില്ലെന്നു നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന ഒത്തിരി പേര്‍ക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടിയില്‍ താങ്കളുടെ പിടിയും സ്വാധീനവും നന്നായറിയാവുന്ന പാര്‍ട്ടിക്കാര്‍ക്കു തന്നെയും അങ്ങനെയൊരാഗ്രഹം മനസിലുണ്ട്. അന്വേഷണത്തില്‍ കണ്ടെത്താതെയും വ്യക്തമായ തെളിവുകള്‍ ഇല്ലാതെയും ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും അത് ഏറ്റുപിടിക്കുന്നതും ശരിയല്ലതന്നെ. പക്ഷെ, തെളിവുകള്‍ പൊക്കലും മുക്കലും പ്രതിയെ ഒഴിവാക്കലുമൊക്കെ പതിവായൊരു നാട്ടില്‍ സാഹചര്യത്തെളിവുകള്‍ വലിയൊരു ഘടകം തന്നെയാണ് കേട്ടോ. അത്തരം ഒരുപിടി തെളിവുകള്‍ അങ്ങയ്ക്ക് എതിരായുണ്ടുതാനും. താങ്കള്‍ എങ്ങനെ കേസില്‍നിന്ന് ഊരിയെന്നതിലേക്കുള്ള ചില സൂചനകള്‍ അന്നത്തെ സര്‍ക്കാര്‍ വക്കീല്‍ ആയിരുന്ന ജനാര്‍ദനക്കുറുപ്പിന്റെ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ബ്ലോഗ് ലിങ്കുകൂടി നല്‍കി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കണ്ടാമൃഗത്തെ വെല്ലുന്ന താങ്കളുടെ തൊലിക്കട്ടിക്കു പ്രണാമം.....
http://calicoindex.blogspot.in/2011/02/blog-post.html

Saturday, 15 September 2012

പാലത്തില്‍ കോണിവച്ചു കയറുന്നവര്‍



ചിത്രത്തില്‍ കോണി കയറിവരുന്നത് ആരെന്നു ശ്രദ്ധിച്ചല്ലോ. മുന്‍മുഖ്യമന്ത്രി സിഎച്ചിന്റെ പൊന്നോമന പുത്രന്‍ സാക്ഷാല്‍ ശ്രീമാന്‍ എം.കെ. മുനീര്‍. മന്ത്രിപുംഗവനാകയാല്‍ വേണ്ടത്രയും അതിലേറെയും പരിവാരങ്ങളുണ്ട് കൂടെ. സെക്യൂരിറ്റിയും പൊലീസും പാര്‍ട്ടിക്കാരും നാട്ടുകാരും അല്ലാത്തവരുമെല്ലാമുണ്ട്. വിളിച്ചുവരുത്തിയ ചിരിയാണെങ്കിലും സുസ്‌മേരവദനന്‍ ആളു മൊഞ്ചന്‍തന്നെ. കയറിവരുന്നത് എങ്ങോട്ടെന്നല്ലേ ഇനി അറിയേണ്ടത്. പറയാം.

ഇതാണ് കോതിപാലം. കൃത്യം 14 വര്‍ഷം മുന്‍പ്, ഒന്നുകൂടി കൃത്യമാക്കിയാല്‍, കോണിച്ചിഹ്നത്തില്‍തന്നെ മത്സരിച്ചു ജയിച്ച ശ്രീമാന്‍ പി.കെ.കെ. ബാവ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണിപൂര്‍ത്തിയായ കോഴിക്കോട് കടപ്പുറത്തെ കോതിപാലം. അങ്ങിങ്ങ് അറ്റുതോറ്റുകിടക്കുന്ന തീരദേശപാതയെ കല്ലായിപ്പുഴയുടെ അക്കരെയിക്കരെ കടത്തേണ്ട ബലവത്തായ കണ്ണി. കോഴിക്കോട് നഗരത്തിലെ നീര്‍ച്ചുഴിക്കുരുക്കു നിവര്‍ത്തേണ്ട ബദല്‍ മാര്‍ഗങ്ങളിലൊന്ന്. ഒരു വ്യാഴവട്ടത്തിനും പിന്നെയുമൊരു രണ്ടുവര്‍ഷത്തിനും മുന്‍പു പണിപൂര്‍ത്തിയായ ആ പാലത്തിലാണ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ ഇപ്പോഴും കോണിവച്ചു കയറുന്നത്. ഒരുപക്ഷെ, കണ്ടെയ്‌നറുകള്‍ക്കും പോകാന്‍ പാകത്തില്‍ വലുപ്പമുള്ള കോണ്‍ക്രീറ്റ് പാലത്തില്‍ ഇരുമ്പുകോണിവച്ചു കയറുന്ന ലോകത്തിലെത്തന്നെ ഏക പ്രദേശം..!!

അപ്പൊ, ഇതൊക്കെയാണു കോതിപാലം. പാലത്തിലേക്കു കയറാന്‍ അപ്രോച്ച് റോഡ് ഇപ്പഴും ഇല്ലെന്നതാണു പ്രശ്‌നം. ഉണ്ടാക്കാന്‍ ആളുകള്‍ക്കു താല്‍പ്പര്യമില്ല എന്നതാണു വാസ്തവം. എന്നല്ല, അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ അവര്‍ സമ്മതിക്കില്ല എന്നു പറഞ്ഞാല്‍ അതാണു കൂടുതല്‍ ശരി. എന്തെങ്കിലും പറഞ്ഞു കലമ്പാന്‍ മിടുക്കരാണു നമ്മുടെ കോതി പ്രദേശത്തുകാര്‍. കുടിയൊഴിപ്പിക്കലിന്റെ പേരു പറഞ്ഞു ബഹളംവയ്ക്കും. ജെസിബി നെഞ്ചത്തുകൂടി കയറ്റിയിറക്കേണ്ടിവരുമെന്നു പറഞ്ഞു പുരുഷന്‍മാര്‍ ഭീഷണിപ്പെടുത്തും. ഞാനും മക്കളും കടലില്‍ ചാടിച്ചാകുമെന്ന് ഉള്ളിക്കണ്ണീരൊഴുക്കി ഉമ്മമാര്‍ ഉരുവിടും. എല്ലാം കേട്ടുകഴിയുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലംവിടും. അമ്മാതിരിയൊരു പോക്കാണ് മുകളിലെ ചിത്രത്തില്‍. ഏറ്റവുമൊടുവില്‍ പാലത്തിലേക്ക് ഒരു താല്‍ക്കാലിക മണ്‍പാത ഒരുക്കുന്നതിനു തുടക്കം കുറിക്കാന്‍ എത്തിയതാണു മന്ത്രിപുംഗവരും സംഘവും. അവരെയാണു നാട്ടുകാര്‍ വിരട്ടിവിട്ടത്. അതിന്റെ ക്ഷോഭത്തില്‍ വേദിവിട്ടിറങ്ങി പാലം കയറി മടങ്ങുകയാണു മന്ത്രി. അതിനിടെ ക്യാമറ കണ്ടപ്പോള്‍ വരുത്തിയ കൃത്രിമ പുഞ്ചിരിയാണു മുഖത്ത്. അത് ഒപ്പിയെടുക്കുകയായിരുന്നു ഫോട്ടോഗ്രഫറുടെ മുന്നിലെ വിഷയം. അതിനാലാണു പാലം ഫോട്ടോയില്‍ വരാതിരുന്നത്. പാലത്തിന്റെ ഫോട്ടൊ താഴെ-


കുടിയൊഴിപ്പിക്കല്‍ അഥവാ കടിയൊഴിപ്പിക്കല്‍

യഥാര്‍ഥത്തില്‍ കുടിയൊഴിപ്പിക്കല്‍ ഒരു വിഷയംതന്നെയല്ലേ...? ആണ്. കട്ടായം. തര്‍ക്കമേയില്ല. സ്വന്തം വീടും കിടപ്പാടവും നഷ്ടപ്പെടുന്നത് വലിയ വിഷയം തന്നെ. അതിനു തക്കതായ നഷ്ടപരിഹാരം ലഭിച്ചേ പറ്റൂ. അതു നല്‍കുകതന്നെ വേണം. എന്നാല്‍, നഷ്ടപരിഹാരം നല്‍കിയാലും ഒഴിയില്ലെന്നാണെങ്കിലോ..? അപ്പോള്‍ വിഷയം മറ്റൊന്നാണ്. ചെയ്യുന്നത് സമൂഹത്തോടു മൊത്തത്തിലുള്ള അപരാധമാവും. പൊതുനന്‍മയുടെ കാര്യത്തില്‍ വ്യക്തികളുടെ ചെറിയ അസൗകര്യങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുകതന്നെ വേണം. ഇല്ലെങ്കില്‍ നാടിന്റെ നില പരുങ്ങും. പണ്ടുകാലത്തുള്ളവര്‍ അങ്ങനെ ചിന്തിച്ചതുകൊണ്ടു മാത്രമാണ് ഇന്നീ കാണുന്ന റോഡും പാലവും ഗതാഗത സൗകര്യങ്ങളുമെല്ലാം ഉണ്ടായത്. അവരും നമ്മളെപ്പോലെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആയിരുന്നെങ്കില്‍ ഞാനും നിങ്ങളും കേരളത്തിലെ റോഡുകളില്‍ 10 കിലോ മീറ്റര്‍ താണ്ടാന്‍ പതിനാലു മണിക്കൂറെടുത്തേനെ..!

കോതിയുള്‍പ്പെടെ പല കുടിയൊഴിപ്പിക്കല്‍ വിരുദ്ധ, പദ്ധതി വിരുദ്ധ സമരങ്ങളുടെയും കാര്യം ബഹുരസം. എന്റെ വീട് ഇതില്‍പ്പെടേണ്ട, അപ്പുറത്തെ വീട് ഉള്‍ക്കൊള്ളിച്ച് അലൈന്‍മെന്റ് മാറ്റിവരച്ചോളൂ എന്നാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിച്ച പരാതികളെന്ന് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു. കോതിയിലെ കുടിയൊഴിപ്പിക്കലിലുമുണ്ട് ഇത്തരം ചില തമാശകള്‍. കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നേരത്തെ വാങ്ങിയവര്‍ എതിര്‍പ്പുകാരുടെ കൂട്ടത്തിലുണ്ട്. പുറമ്പോക്കില്‍ യാതൊരു രേഖയുമില്ലാതെ താമസിച്ചിട്ടും കോര്‍പ്പറേഷന്‍ കനിവു കാണിച്ചു പുതിയൊരു വീട്ടിലാക്കി രേഖ നല്‍കിയിട്ടു വീണ്ടും സമരത്തിനു വരുന്നവരുണ്ട്. കോര്‍പ്പറേഷന്റെ ഭൂമി നഷ്ടപരിഹാരമായി വാങ്ങിയശേഷം, കുടിയൊഴിയേണ്ടിയിരുന്ന വീട് വാടകയ്ക്ക് കൊടുത്ത് അതിന്റെ ആദായം പറ്റുന്നവരുണ്ട്. വാടക നിലച്ചുപോകരുതെന്ന നിര്‍ബന്ധത്താല്‍ ജെസിബി തടയാന്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഇക്കൂട്ടര്‍ നിലയുറപ്പിക്കാറുണ്ട്. സ്വാഭാവികമായും വാടകവീട്ടിലെ താമസക്കാരും മോശമാക്കാറില്ല. ഒഴിയണമെങ്കില്‍ അവര്‍ക്കും വീടും സ്ഥലവും നല്‍കണമെന്നതാണ് അവരുടെ ശാഠ്യം. ഇങ്ങനെ പല കോലക്കാരാണു കോതിയിലെ ജെസിബി വിരുദ്ധര്‍. കോതിയില്‍നിന്നു വളരെയൊന്നും വ്യത്യസ്തമല്ല മറ്റു സമരങ്ങളും. ഇത്തരം കോപ്രായങ്ങള്‍ക്കു വാര്‍ത്താപ്രാധാന്യവും കുറെപ്പേരുടെയെങ്കിലും പിന്തുണയും ലഭിക്കുന്നു എന്നതാണു കേരളത്തിലെ സമകാലീന ദുരന്തം. പ്രൊജക്‌റ്റോഫോബിയ എന്ന പുതിയൊരുതരം മാനസികരോഗം കേരളത്തില്‍ അതിവേഗം പടര്‍ന്നു പന്തലിക്കുന്നു.

സമ്പന്നം ഈ സമരനിഘണ്ടു

എന്താണ് യഥാര്‍ഥത്തില്‍ നമ്മുടെ വികസനപദ്ധതികള്‍ക്കു സംഭവിക്കുന്നത്..? ആരാണു പ്രശ്‌നക്കാര്‍..? എല്ലാം ഒരുപാടു ചര്‍ച്ച ചെയ്തതുതന്നെ. എന്തിനും  ഭരണാധികാരികളെ മാത്രം പഴിച്ചു ശീലിച്ചൊരു ജനവിഭാഗമാണു നമ്മളെന്നതില്‍ വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഇവിടെ ഭരണകൂടം മാത്രമാണോ പ്രശ്‌നം..? അല്ലേയല്ല. പ്രശ്‌നക്കാര്‍ നമ്മുടെ മനോഭാവംതന്നെയാണ്. എന്തു പുതിയതിനെയും എതിര്‍ക്കുന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ശൈലി. അതിനു നമുക്കു നമ്മുടെതായ വിചിത്രമായ ചില ന്യായങ്ങളും അതിനെ പിന്താങ്ങുന്ന പദാവലികളുമുണ്ട്‌. ആഗോള അജണ്ട, സാമ്രാജ്യത്വ ദാസ്യവേല, മനുഷ്യാവകാശ ലംഘനം, കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതല്‍, കുത്തകകളുടെ ചെരിപ്പു നക്കല്‍, വന്‍കിടക്കാര്‍ക്കു മുന്നില്‍ മുട്ടിലിഴയല്‍... ഇങ്ങനെ ഒരു നിഘണ്ടു തയ്യാറാക്കാന്‍ മാത്രം വാക്കുകളും പ്രയോഗങ്ങളും പരന്നു കിടക്കുന്നു യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പാകത്തില്‍. അവ വേണ്ടുവോളം നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കും. ഒടുക്കം ശരിയും തെറ്റും തിരിയാതാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് നാട്ടുകാരെ തെരുവിലിറക്കി അടിമുടി പദ്ധതികളെ തകര്‍ക്കും. ഇതാണിപ്പോള്‍ കേരളത്തിലെ പൊതുവായ രീതി. ഉദാഹരണം എത്രവേണമെങ്കിലുമുണ്ട്. ഇതാ ഒരെണ്ണം താഴെ.

കനലെരിഞ്ഞ കിനാലൂര്‍

പണ്ട് സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ എടുത്തിട്ടതാണ് കോഴിക്കോട് കിനാലൂരിലെ വ്യവസായ കേന്ദ്രത്തിനുള്ള ഭൂമി. വ്യവസായവും പദ്ധതികളും വരണമെങ്കില്‍ റോഡും വൈദ്യുതിയും വെള്ളവുമൊക്കെ വേണം. അതില്ലാത്തിടത്തോളം ആരും വരില്ല. ഇതൊന്നും ആര്‍ക്കും അറിയാത്തതാണെന്നു കരുതാന്‍ വഴിയില്ല.

ഏകര്‍കണക്കു ഭൂമിയുടെ ഈ പുരനിറഞ്ഞുള്ള നില്‍പ്പു കണ്ടാണു മുന്‍ വ്യവസായമന്ത്രി എളമരം കരീം ചില പദ്ധതികളുമായി ഇറങ്ങിത്തിരിച്ചത്. അതിലേക്കായി നല്ലൊരു റോഡു വിഭാവനം ചെയ്തു. അതിനു സര്‍വേ നടത്തി. അപ്പോഴേയ്ക്കുമിറങ്ങി പുതിയ ചില പരിസ്ഥിതിസ്‌നേഹികള്‍. പതിവു പദാവലികള്‍ പ്രസംഗങ്ങളില്‍ നിറഞ്ഞൊഴുകി. റോഡ് 100 മീറ്റര്‍ വീതിയിലാണെന്നു പ്രചരിപ്പിച്ചു. നൂറായാലും ഒരു കുഴപ്പവമില്ല. എന്നാല്‍, അതു കേവലം 30 മീറ്ററില്‍ താഴെയാണ് ഉദ്ദേശിച്ചത് എന്നതിന് അക്കാലത്തെ രേഖകള്‍ സാക്ഷി. റോഡില്‍ കയറാന്‍ നാട്ടുകാര്‍ക്കു പാസ് വേണമെന്നായിരുന്നു മറ്റൊരു പ്രചാരണം. റോഡ് മീറ്ററുകള്‍ ഉയരത്തില്‍ വിലങ്ങനെ കിടക്കുമെന്നതിനാല്‍ മഴക്കാലത്തു വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ നാടാകെ വെള്ളം കുടിച്ചു ചാകുമെന്നും പ്രചരിപ്പിച്ചു. ഇതെല്ലാം ഏറ്റുപിടിക്കാന്‍ ചില കടലാസ് സംഘടനകളും പത്രത്തില്‍ പേരടിച്ചു വരുന്നതിന് ഇതിനെക്കാള്‍ ചുളുവില്‍ മാര്‍ഗമില്ലെന്നു നന്നായറിയുന്ന ചിലരും കൂട്ടിനുണ്ടായി. പിന്നീടുണ്ടായതല്ലാം എല്ലാവര്‍ക്കും അറിയാമല്ലോ.

യഥാര്‍ഥത്തില്‍ കിനാലൂരില്‍ നല്‍കിയതിനെക്കാള്‍ മികച്ച പാക്കേജ് ആര്‍ക്കെ്ങ്കിലും നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്കിപ്പോഴും സംശയംതന്നെയാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയായിരുന്നു ഓഫറുകളില്‍ ഒന്ന്. ഇവര്‍ക്ക് റോഡരികില്‍ അഞ്ചു സെന്റ് സ്ഥലവും. ഇതിന്റെ മൂല്യം എത്രവരുമെന്ന് ഊഹിക്കാമല്ലോ. കുടിയൊഴിയുന്ന കുടുംബത്തിലെ ഒരംഗത്തിന് ആളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കിനാലൂരിലെ വ്യവസായ സംരംഭത്തില്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇതില്‍ക്കൂടുതല്‍ എന്ത് ഓഫറാണ് നമ്മുടേതുപോലുള്ള ഒരു രാജ്യത്തെ സര്‍ക്കാരിന് മുന്നോട്ടുവയ്ക്കാന്‍ കഴിയുകയെന്ന് എത്ര ആലോചിച്ചിട്ടും എനിക്കന്ന് പിടികിട്ടിയില്ല. ഇപ്പഴും കിട്ടിയിട്ടില്ല, കേട്ടോ.

എന്നാല്‍, ഇതിലൊന്നു മാത്രമായിരുന്നില്ല വഴിപാടു സമരത്തിനു കൊടിയുയര്‍ത്തിയവരുടെ താല്‍പ്പര്യം. അവര്‍ നാട്ടുകാരില്‍ ചിലരെ സംഘടിപ്പിച്ചു മാര്‍ച്ചു ചെയ്തു. ചിലരെ എന്നിവിടെ പറയുന്നതു ബോധപൂര്‍വം തന്നെ. കാരണം, അന്ന് സര്‍വേയ്ക്കു വന്നപ്പോള്‍ അളക്കാന്‍ ഉദ്ദേശിച്ച മൂന്നു കിലോമീറ്റര്‍ പ്രദേശത്തെ 84ഓളം വീടുകളില്‍ 50ലേറെപ്പേര്‍ ഭൂമി വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നു എന്നതാണു വാസ്തവം. അവര്‍ അക്കാര്യം സമ്മതിച്ചതുമാണ്. അങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടട്ടെ എന്നാണ് അവരൊക്കെ ആഗ്രഹിച്ചത്. സമ്മതപത്രം ഒപ്പിടാന്‍ അന്നേരം തയ്യാറാവാത്തവര്‍ ശാശ്വതമായി ഈ പദ്ധതിക്ക് എതിരായിരുന്നു എന്നും കരുതരുത്. വരട്ടെ, നോക്കാം എന്നതായിരുന്നു അവരുടെയും നിലപാട്. പക്ഷെ, നാടിന്റെ പൊതുവായ ആ ആവശ്യം കീഴ്‌മേല്‍ മറിക്കപ്പെട്ടു. അതിന്റെ സംഘാടകര്‍ ഏതാനും നാട്ടുകാരെയും മറുനാട്ടുകാരെയും കൂട്ടി കിനാലൂരിലേക്കു മാര്‍ച്ചു ചെയ്തു. സമരക്കാര്‍ പൊലീസിനു മേല്‍ ചാണകമൊഴിച്ചു. കേരളാ പൊലീസില്‍ അഭിമാനബോധം ഇപ്പഴും അവശേഷിക്കുന്നതിനാലാവണം അവര്‍ അന്നു വേണ്ടവിധം കൈകാര്യം ചെയ്തുവിട്ടു. പിന്നീടുണ്ടായതെല്ലാം ചരിത്രം.

ഇതാ വീണ്ടും.. 

തീര്‍ന്നിട്ടില്ല നമ്മുടെ വികസന ശകുനങ്ങള്‍. അത് അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എമേര്‍ജിങ് കേരളയ്ക്കു പിന്നിലെ പുകില്‍ നമ്മളെല്ലാം കണ്ടു. അതിരപ്പിള്ളി പദ്ധതിക്ക് അനുമതിക്കായി എത്രകാലമായി ചൊറിയും കൊത്തിയിരിക്കുന്നു കേരളത്തിലെ ഇരുമുന്നണികളും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അതിരപ്പിള്ളിയെ ഇനിയും തൊടാന്‍ വിട്ടിട്ടില്ല. പാത്രക്കടവും സൈലന്റ് വാലിയുമൊക്കെ അങ്ങനെത്തന്നെ. ഏതു പദ്ധതി തുടങ്ങാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എന്‍ഒസി വേണമെന്നര്‍ഥം. പരിസ്ഥിതി നിയമങ്ങള്‍ വേറെയുമുണ്ട്. ഇവയുടെയൊക്കെ ഉള്ളില്‍നിന്നു മാത്രമേ ഏതു പദ്ധതികളും തുടങ്ങാനൊക്കൂ. അനുമതി സംഘടിപ്പിക്കാന്‍ ആരെങ്കിലും കുറക്കുവഴികള്‍ തേടുന്നുണ്ടോ എന്നു മാത്രം ശ്രദ്ധിച്ചാല്‍ മതി നാട്ടിനൊരു ഗുണവുമില്ലാതെ വാചകമടിയില്‍ ജീവിക്കുന്ന ഈ സംഘടനാഡസനുകളൊക്കെ. അങ്ങനെയെങ്കില്‍ അതായിരിക്കും അവര്‍ ഈ നാടിനോടു ചെയ്യുന്ന ഏറ്റവും വലിയ സല്‍ക്കര്‍മം. അതെങ്ങനാ, അപ്പൊ നാടു നന്നായിപ്പോവുമല്ലോ, ല്ലേ.


വാല്‍ക്കഷണം..

ഏറ്റവുമൊടുവില്‍ കഴിഞ്ഞ 12ന് (സെപ്റ്റംബര്‍ 12) കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ ഒരു മാര്‍ച്ച് നടന്നിരിക്കുന്നു. അതിവേഗ റെയ്ല്‍ ഇടനാഴി ഉപേക്ഷിക്കണമെന്നാണ് ആവശ്യം. അത് ആളുകളെ കുടിയൊഴിപ്പിക്കുമത്രെ..!! ഇവിടെ ആളുകള്‍ക്ക് എങ്ങോട്ടും പോകണ്ട, വീടുണ്ടാക്കി പായവിരിച്ച്‌
കിടന്നുറങ്ങിയാല്‍ മാത്രം മതിയെന്നാണോ ഇവരുടെയൊക്കെ ധാരണ, എന്തോ. പ്രിയപ്പെട്ട അല്‍ഖ്വയ്ദക്കാരേ... നിങ്ങളാണ് അമേരിക്കയിലെ വേള്‍്ഡ ട്രേഡ് സെന്റര്‍ സെപ്റ്റംബര്‍ 11നു ബോംബിട്ടു തകര്‍ത്തതെന്നൊരു പൊതുസംസാരമുണ്ട്. റെയ്ല്‍ ഇടനാഴിക്കെതിരെ സമരം ചെയ്തവര്‍ തെരഞ്ഞെടുത്തത് അതേ ആക്രമണത്തിന്റെ വാര്‍ഷിക സുദിനമഹാമഹത്തിന്റെ പിറ്റേന്നാളാണ്. അടുത്ത വാര്‍ഷികത്തിലെങ്കിലും അതുപോലൊരു ബോംബ് ഇവറ്റകളുടെയൊക്കെ തലമണ്ടയില്‍ വര്‍ഷിക്കാന്‍ പാകത്തില്‍ കെട്ടിയൊരുക്കി വെക്കണേ... എന്നിട്ടു പിറ്റേന്നാള്‍ ലവലേശം കൈവിറക്കാതെ അതീ സമരകോമാളികളുടെ മൂര്‍ധാവില്‍
വര്‍ഷിക്കാനും കനിവുണ്ടാകണേ...!!